തിരുവനന്തപുരം: പാരമ്പര്യ ഭക്ഷണരീതികൾ അവഗണിച്ച് പാശ്ചാത്യ ഭക്ഷണരീതികളെ യുവതലമുറ അനുകരിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. ആയുഷ് കോൺക്ളേവിന്റെ ഭാഗമായുള്ള ഫുഡ് കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ ജീവിതത്തിലേക്ക് പുതിയ ഭക്ഷണശീലങ്ങൾ കടന്നുവരുന്നത് ജീവിതശൈലീ രോഗങ്ങൾക്ക് കൂടുതലായി കാരണമാകുന്നു. ഇതിനെതിരെ ബോധവത്കരണമല്ല വേണ്ടത്. മറിച്ച് ഭക്ഷണ ശീലം തന്നെ മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം ശീലമാറ്റങ്ങൾ പുതുതലമുറയിൽ നിന്ന് തന്നെ തുടങ്ങണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിയിടിങ്ങളിലെ മേൽമണ്ണ് ഒലിച്ചു പോകുന്നത് ഭക്ഷ്യധാന്യ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം തുടരുന്നത് ഭക്ഷ്യഭദ്രതയ്ക്ക് കനത്ത വെല്ലുവിളിയാണ്. ദീർഘവീക്ഷണവും ഇച്ഛാശക്തിയും ഉണ്ടായാൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താമെന്നും മന്ത്രി പറഞ്ഞു.
ഗവൺമെന്റ് ആയുർവേദ കോളേജ് മുൻ പ്രൊഫസർ ഡോ.കെ.ജ്യോതിലാൽ അദ്ധ്യക്ഷനായിരുന്നു. കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.എം.വി.വിനോദ് കുമാർ, ഡോ.സിജിൻ തുടങ്ങിയവർ പങ്കെടുത്തു.