ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് മുഖ്യമന്ത്രി പിണറായി വിജയന് ഒരേയൊരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇക്കൊല്ലം തന്നെ ദുബായ് ഭരണാധികാരിക്ക് ആതിഥ്യമരുളാൻ അവസരം നൽകണം. യു.എ.ഇ വൈസ് പ്രസിഡന്റു കൂടിയായ അൽ- മക്തൂം ഹൃദയപൂർവ്വം ആ ആവശ്യം സ്വീകരിച്ചു. യു.എ.ഇയിൽ മലയാളികളുടെ വില എന്താണെന്ന് ഭരണാധികാരിയുമായുള്ള സന്ദർശനത്തോടെ മനസിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു മുഖ്യമന്ത്രിക്ക് സാധാരണഗതിയിൽ ദുബായ് ഭരണാധികാരി സന്ദർശനാനുമതി നൽകുന്നതല്ല. കണ്ടപ്പോൾ ആദ്യചോദ്യം ഇങ്ങനെ, എന്തുകൊണ്ടാണ് മലയാളികൾ കൂട്ടത്തോടെ ഇങ്ങോട്ട് വരുന്നത് ? മലയാളികളെല്ലാം തങ്ങളുടെ രണ്ടാം വീടായാണ് യു.എ.ഇയെ കാണുന്നതെന്ന മറുപടിയിൽ ഭരണാധികാരി സംതൃപ്തനായി. യു.എ.ഇ ജനസംഖ്യയിൽ 80ശതമാനം മലയാളികളാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ കൊട്ടാരത്തിൽ ഒപ്പമുള്ളവരിൽ 100ശതമാനവും മലയാളികളാണെന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ കൂട്ടിച്ചേർക്കൽ.
മുൻകൂട്ടി നിശ്ചയിച്ചതിലും അധികം സമയം ഭരണാധികാരി കേരള സംഘവുമായി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോകാൻ തുടങ്ങിയിട്ടും ചർച്ച അവസാനിപ്പിക്കാൻ ഭരണാധികാരി തയ്യാറായില്ല. അൽപ്പസമയം കൂടി സംസാരിച്ചു. പോകാനിറങ്ങിയപ്പോൾ കാറിനടുത്ത് വരെ മുഖ്യമന്ത്രിയുടെ കൈപിടിച്ച് ഭരണാധികാരി നടന്നെത്തി. യു.ഇ.എയിലെ ലക്ഷക്കണക്കിന് മലയാളികളെ സംരക്ഷിക്കുന്ന കരങ്ങളാണ് തന്റെ കൈപിടിച്ചിരിക്കുന്നതോർത്ത് അഭിമാനം തോന്നി. കേരളത്തിന് എത്രമാത്രം അംഗീകാരമാണ് പ്രവാസികൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഓർത്തുപോയി. കേരളത്തിന് അഭിമാനിക്കാനുള്ള സാഹചര്യമാണ് പ്രവാസികൾ സൃഷ്ടിച്ചിരിക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി, വ്യവസായി ഡോ.എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ചീഫ്സെക്രട്ടറി ടോംജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, ജോൺബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.