നെയ്യാറ്റിൻകര :കഴിഞ്ഞ മുപ്പതു വർഷമായി നെയ്യാറിലെ മണലൂറ്റുകാർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാർളി മുത്തശ്ശിയുടെ വീട്ടിലേക്കുള്ള അവസാന പാതയും മണലൂറ്റുകാർ കവർന്നു. ഇതോടെ പോരാട്ടം അസ്തമിച്ച മട്ടാണ്. നെയ്യാറിന്റെ മാറുപിളർന്ന് മണലൂറ്റുന്നവർക്ക് അടിയറവു പറഞ്ഞ് ഡാർളി മുത്തശ്ശിക്ക് ഇനി ഉള്ളഭൂമിയും തുരുത്തിൽ ഒറ്റപ്പെട്ട ഭൂമിയും ഉപേക്ഷിച്ച് മടങ്ങുകയേ മാർഗമുള്ളൂ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മണലൂറ്റുകാർ ഓലത്താന്നിക്ക് സമീപം കാലുംമുഖം കടവിലെ ഡാർളിയുടെ വീട്ടിലേക്കുള്ള പാത ഇടിച്ച് മണലൂറ്റിയത്. ആയുർവേദ ഡിസ്‌പെൻസറിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ഡാർളിക്ക് ആകെ 15 സെന്റ് സ്ഥലവും വീടുമായിരുന്നു നെയ്യാറിന്റെ തീരുത്തുണ്ടായിരുന്നത്. കരാറുകാർ ഭൂമിക്ക് പൊന്നുവില പറഞ്ഞെങ്കിലും മണലൂറ്റിന് ഭൂമി നൽകാൻ ഡാർളിയുടെ മനസനുവദിച്ചില്ല. ചുറ്റുമുള്ള ഭൂമിയെല്ലാം മണ്ണുമാഫിയ വാങ്ങി മണലൂറ്റിയെടുത്തു. സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ ഡേവിഡിന്റെ പിതാവിന്റെ ശവക്കല്ലറ പോലും മണ്ണുമാഫിയ മാന്തിയെടത്ത് മണലാക്കി വിറ്റു.
മണലൂറ്റുകാർ ചുറ്റുമുള്ള ഭൂമി നെയ്യാറിലേക്ക് ഇടിച്ചിറക്കിയതോടെ ഡാർളിയുടെ വീട് തുരുത്തു പോലെ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ മിച്ചമുണ്ടായിരുന്ന വീട്ടുമുറ്റവും നെയ്യാറിലേക്ക് ഇടിഞ്ഞിറങ്ങി. ഇപ്പോൾ ശേഷിക്കുന്നത് 7 സെന്റും വീടുമാണ്. സഹായിക്കാനെത്തിയവരൊക്കെ ഡാർളിയെ കൈയൊഴിഞ്ഞു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീഴുമെന്ന സ്ഥിതിയായപ്പോൾ നെയ്യാറ്റിൻകര തഹസിൽദാരുടെയും പൊലീസിന്റെയും സഹായത്തോടെ ഡാർളിയെ ഇവിടെ നിന്നു മാറ്റി. തുടർന്ന് സഹോദരിയുടെ പരണിയത്തുള്ള വീട്ടിലായിരുന്നു താമസം.