lulumall-kozhikode

ദുബായ്: കോഴിക്കോട്ട് എന്താണ് ലുലുമാൾ വരാത്തത്...? ലോകം മുഴുവൻ വ്യാപാര ശൃംഖലയുള്ള വ്യവസായ പ്രമുഖൻ എം.എ.യൂസഫലി ലോകകേരള സഭാ വേദിയിൽ അതിനുള്ള കാരണം വെളിപ്പെടുത്തി.

കോഴിക്കോട്ട് മാൾ തുടങ്ങാൻ സർക്കാരിനോട് താത്പര്യമറിയിച്ചിരുന്നു. മൂന്നുമാസത്തിനകം സർക്കാരിന്റ അനുമതികളെല്ലാം ലഭിച്ചു. പണി തുടങ്ങാനിരിക്കുവേ, വേഗത്തിൽ മാളിന് അനുമതി നൽകിയത് ചോദ്യംചെയ്ത് ഒരു വ്യക്തി കേസുനൽകി. കേസായപ്പോൾ പദ്ധതി നീണ്ടുപോവുകയായിരുന്നു. എന്നാൽ ലഖ്നൗവിൽ മാൾ തുടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി മുഖ്യമന്ത്രി നിയോഗിച്ചു. 5000 പേർക്ക് തൊഴിൽ ലഭിക്കുന്ന സംരംഭത്തിന് അവ‌ർ മുന്തിയ പരിഗണനയാണ് നൽകിയത്. ഞങ്ങളുടെ ലെയ്സൺ ഓഫീസറായി ആ ഉദ്യോഗസ്ഥൻ മാറി. കേരളത്തിൽ മുതൽമുടക്കാൻ വരുന്നവർക്ക് എല്ലാ സൗകര്യവും ചെയ്യണം. പല ഉദ്യോഗസ്ഥരും പ്രായോഗികമായി ജോലിചെയ്യില്ല. ബുക്കുനോക്കി ജോലി ചെയ്യുന്നവരാണ് അധികവും. നിക്ഷേപം സുഗമമാക്കാൻ നിയമങ്ങൾ മാറ്റണം. കൂടുതൽ നിക്ഷേപത്തിന് സാഹചര്യമൊരുക്കണം.- മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി യൂസഫലി പറഞ്ഞു.

ഇനി വരുന്നത് സ്‌മാർട്ട് വ്യവസായങ്ങളാണ്. അടുത്തത് ഇ-യുഗമാണ്. കേരളം അതിലേക്ക് മാറണം. കേരളം ഏകജാലക സംവിധാനത്തിലേക്ക് മാറണം. നിശ്ചിത സമയത്തിനകം എല്ലാ അനുമതികളും ലഭിച്ചാൽ കൂടുതൽ നിക്ഷേപകർ വരും. പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് ലാഭകരമായ വ്യവസായം തുടങ്ങാനാവണം. ഇപ്പോൾ അതിന് സാഹചര്യമില്ലാത്തതിനാൽ ബാങ്ക്, ബോണ്ട് നിക്ഷേപം എല്ലാവരും നടത്തുന്നു. ഡോളർ ബോണ്ട് പോലുള്ള ബോണ്ടുകളിൽ നിക്ഷേപകർക്ക് റിസ്ക് കുറയും. പ്രതിമാസം നിശ്ചിത വരുമാനവും ലഭിക്കും. ബോണ്ട് ഇറക്കിയാൽ സർക്കാരുകളും വിദേശ മലയാളികളും വാങ്ങും.

പൊതു-സ്വകാര്യ പങ്കാളിത്തത്തിനാണ് ഇനി ഭാവിയുള്ളത്. 20വർഷം മുൻപ് നമ്മൾ ചെയ്യേണ്ടതായിരുന്നു. ചെറിയ നിക്ഷേപകരെക്കൂടി ഉൾപ്പെടുത്തി നഷ്ടത്തിലോടുന്ന കമ്പനികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കണം. പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കാൻ ഇതേ വഴിയുള്ളൂ. സർക്കാർ ഭൂമി ഓഹരി നൽകിയാൽ ഹൗസിംഗ് പ്രോജക്ടുകൾ തുടങ്ങാൻ പ്രവാസികൾ മുതൽമുടക്കും. പ്രവാസികളുടെ ഭാവിതലമുറകളുടെ പ്രശ്‌നങ്ങളും സർക്കാർ മുന്നിൽകാണണം. അമേരിക്കയിലെയും ലണ്ടനിലെയും സർവകലാശാലകളുമായി ചേർന്ന് വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പദ്ധതികളുണ്ടാവണം. മലയാളികളുടെ നിക്ഷേപം മുഴുവൻ മറ്റ് സംസ്ഥാനങ്ങളിൽ. കേരള ബാങ്ക് വരുന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമാവണം. അടക്കടിയുള്ള ഹർത്താലുകൾ പ്രവാസികൾക്ക് ദോഷം ചെയ്യും. കേരളത്തെ അന്താരാഷ്ട്ര വേദികളിൽ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നുണ്ട്.- യൂസഫലി പറഞ്ഞു.