തിരുവനന്തപുരം: അലോപ്പതിക്ക് വൻ പ്രാധാന്യം കിട്ടുമ്പോൾ ആയുർവേദ ഗവേഷണങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോവുകയാണെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനത് രീതികളായ ആയുർവേദം, ഹോമിയോ, യുനാനി, പ്രകൃതി ചികിത്സ എന്നിവയ്ക്ക് കൂടുതൽ പ്രചാരം ലഭിക്കേണ്ടതുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടക്കണം. ആയുർവേദ ചികിത്സയ്ക്ക് ലോകത്തിൽ മേൽവിലാസം ഉണ്ടാക്കിയത് കേരളമാണ്. പരമ്പരാഗത ചികിത്സാരീതികളെ കൂടുതൽ അടുത്തറിയാൻ ആയുഷ് കോൺക്ലേവ് വേദിയായി മാറുമെന്നാണ് കരുതുന്നത്.
മുഴുവൻ പഞ്ചായത്തുകളിലും ആയുഷ് ക്ലിനിക് സ്ഥാപിക്കാനുള്ള തീരുമാനം പാരമ്പര്യ ചികിത്സാരംഗം ശക്തിപ്പെടുത്തും. ആയുർവേദത്തിൽ കൂടുതൽ ഗവേഷണ പദ്ധതികൾ സ്‌പോൺസർ ചെയ്യാൻ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും ഗവർണർ പറഞ്ഞു.
ആയുർവേദത്തെയും ഇതര ചികിത്സാരീതികളെയും വലിയ കാൻവാസിലേക്ക് പകർത്താനുള്ള ശ്രമമാണ് ആയുഷ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മികച്ച ഗവേഷണങ്ങളിലൂടെ പുതിയ ഔഷധങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് സാധിക്കണം.
കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ, ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ഡോ. അനിത ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.