ദുബായ്: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി എയർകേരളയുടെ കാര്യത്തിൽ സർക്കാർ നിലപാട് മാറ്റുന്നു. നേരത്തേ വേണ്ടെന്നു വച്ചിരുന്ന പദ്ധതി വീണ്ടും സജീവമാവുകയാണ്. എയർകേരള ആലോചിക്കാവുന്ന തരത്തിലായിട്ടുണ്ടെന്നും പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും ലോക കേരളസഭയുടെ പ്രതിനിധി ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് എയർകേരള.
കേരളാ ബാങ്ക് വലിയ ഷെഡ്യൂൾ ബാങ്കായി മാറുമ്പോൾ പ്രവാസികൾക്ക് മികച്ച സേവനം ലഭിക്കും. നാട്ടിലെ ഗ്രാമത്തിലേക്ക് പണമയയ്ക്കാൻ വിദേശത്ത് നിന്ന് പ്രത്യേക സൗകര്യമൊരുക്കും. ഇവിടത്തെ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ പണം നിക്ഷേപിച്ചാൽ സഹകരണ ബാങ്കിൽ പിറ്റേ ദിവസം പണമെത്തും. റിസർവ് ബാങ്കിന്റെ അനുമതി വേണം. കേരളത്തിന്റെ സ്വന്തം ബാങ്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കാനുള്ള പ്രവാസികളുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു.
സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, എം.എൽ.എമാരായ കെ.സി.ജോസഫ്, ടി.വി.ഇബ്രാഹിം, പി.കെ.ബഷീർ, വ്യവസായികളായ ഡോ.എം.എ.യൂസഫലി, ഡോ.രവിപിള്ള, ഡോ.ആസാദ്മൂപ്പൻ, ആശാ ശരത് എന്നിവർ പങ്കെടുത്തു.
ലോകകേരള സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്
==പ്രവാസികൾക്ക് ഡോളറിൽ നിക്ഷേപിക്കാൻ ഡോളർ ബോണ്ട് ഇറക്കുന്നത് പരിഗണിക്കും.
സാധാരണ രൂപയിലാണ് ബോണ്ട് ഇറക്കുക. കിഫ്ബിയുടെ രണ്ടാംഘട്ടത്തിൽ രണ്ടാം ഘട്ടത്തിൽ ഡോളർ നിക്ഷേപം വരും.
==നഷ്ടത്തിലോടുന്ന പൊതുമേഖലാ സഥാപനങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാനുളള നിർദ്ദേശം നല്ലത്. ഇതിനൊപ്പം പുതിയ മേഖലകളിൽ നിക്ഷേപത്തിനും അവസരമൊരുക്കും.
==എയിംസ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്രസർക്കാർ നിരസിക്കുന്ന പശ്ചാത്തലത്തിൽ, പ്രവസികളുടെ ശേഷി ഉപയോഗിച്ച് എയിംസിന് മുകളിലുള്ള സ്ഥാപനം കേരളത്തിൽ നിർമ്മിക്കും.
==5ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികൾക്കുള്ള ഡിവിഡന്റ് പെൻഷൻ പദ്ധതിയിൽ ചില സാങ്കേതിക പരിശോധനകൾ കൂടി മാത്രം. കാലതാമസമില്ലാതെ യാഥാർത്ഥ്യമാക്കും. പ്രവാസികൾക്ക് ആശങ്ക വേണ്ട.
==ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും. കേരളത്തിൽ എടുത്തുപറയത്തക്ക മികവുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ആ കുറവ് പരിഹരിക്കും. സർവകലാശാലാ വൈസ്ചാൻസലർമാരുമായി ചർച്ചചെയ്യും. പ്രശസ്തമായ കലാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
==നൈപുണ്യവികസന ഏജൻസികളെ ഏകോപിപ്പിക്കും. കൂടുതൽ ഫിനിഷിംഗ് സ്കൂൾ വേണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈൻ വഴിയാക്കുന്നത് പരിഗണിക്കും.
പ്രവാസി സാംസ്കാരികോത്സവങ്ങളും പരിഗണനയിലുണ്ട്. നവോത്ഥാന കേരളം ആശയമാക്കിയുള്ള നൃത്തശിൽപ്പം അവതരിപ്പിക്കും
==കുടുംബശ്രീ പോലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകളുട കൂട്ടായ്മയുണ്ടാക്കും.
സൊസൈറ്റികളിൽ പ്രവാസികൾക്ക് നോമിനേഷൻ വരും. താമസം കേരളത്തിലാക്കിയാലേ പ്രവാസികൾക്ക് റേഷൻകാർഡ് നൽകാനാവൂ. കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്ന തരത്തിൽ പ്രവാസി ഇൻഷ്വറൻസ് വിപുലീകരിക്കും.
==എൻ.ആർ.ഐ ഇൻവെസ്റ്റിമെന്റ് കമ്പനി വൻ സാദ്ധ്യതയുള്ള കമ്പനിയാണ്. രൂപീകരണത്തിന് നടപടികൾ ഉടനുണ്ടാവും. പ്രവാസികൾ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കും.
==വിദേശഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ യുവാക്കള പ്രാപ്തരാക്കും
തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തും. കോഴ്സ് കഴിയുന്നതോടെ ജോലിയിൽ പ്രവേശിക്കാൻ ഉതകുന്നതായിരിക്കും. വേറെ പരിശീലനം വേണ്ടിവരില്ല
==ജനറൽ നഴ്സിംഗിന് പൂർണമായി ഒഴിവാക്കില്ല, ബിഎസ്.സി നഴ്സിംഗ് ശക്തിപ്പെടുത്തും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ സർവകലാശാലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഗവേഷണ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.