തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 1000 ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷം 20 മുതൽ 27 വരെ നടക്കുമെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 20ന് വൈകിട്ട് 5ന് കോഴിക്കോട് ബീച്ചിലും, സമാപന സമ്മേളനം ഉദ്ഘാടനം 27ന് വൈകിട്ട് 5ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തിൽ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി. പി.രാമകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.
പൂർത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികൾ ആയിരം ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളെയും കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളെയും പങ്കെടുപ്പിച്ച് ജില്ലകളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം സംഘടിപ്പിക്കും. ഇതോടൊപ്പം കലാപരിപാടികളും വികസന സെമിനാറുകളും നടത്തും. ജില്ലകളിൽ മീഡിയ കോൺക്ളേവും സംഘടിപ്പിക്കും.