നീതിപീഠത്തിലുള്ള ജനങ്ങളുടെ അചഞ്ചല വിശ്വാസം നിലനിറുത്തുന്നത് കോടതികളുടെ നിഷ്‌പക്ഷവും സ്വതന്ത്രവുമായ പ്രവർത്തനം ഉറപ്പാക്കപ്പെടുമ്പോഴാണ്. നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന വിധിതീർപ്പുകൾ ഏവർക്കും ഒരുപോലെ സ്വീകാര്യമായിരിക്കണമെന്നില്ല. എതിർപ്പുള്ളപ്പോഴും വിധി അംഗീകരിക്കുകയെന്നതാണ് നീതിന്യായ വ്യവസ്ഥിതി പുലരുന്ന രാജ്യത്ത് പരക്കെയുള്ള നാട്ടുനടപ്പ്. കോടതിയുടെ നിഷ്‌പക്ഷതയ്ക്കും സ്വാതന്ത്ര്യത്തിനും വിഘാതമായ നേരിയൊരു കാര്യമുണ്ടായാൽത്തന്നെ അതു സൃഷ്ടിക്കാനിടയുള്ള അപകടം വളരെ വലുതാണ്.
നീതിപീഠത്തിലിരിക്കുന്നതും മനുഷ്യർ തന്നെയാകയാൽ ദുർലഭമായെങ്കിലും ചില തെറ്റുകൾ സംഭവിക്കാറുണ്ട്. തൽക്ഷണം തന്നെ അത്തരം തെറ്റുകൾ തിരുത്തപ്പെടാറുമുണ്ട്. കോടതികളോട് ജനങ്ങൾക്കുള്ള വിശ്വാസവും ആദരവും ഊട്ടിയുറപ്പിക്കുന്നത് ഇതുപോലുള്ള സംഭവങ്ങളാണ്. ഇപ്പോൾ ഇതു പറയാൻ കാരണം കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാർ പദവിയുള്ള രണ്ട് ഉദ്യോഗസ്ഥന്മാരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഒറ്റയടിക്ക് പിരിച്ചുവിട്ടതായ വാർത്ത മാദ്ധ്യമങ്ങൾ അതീവ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചതു കണ്ടതുകൊണ്ടാണ്. വ്യവസായ പ്രമുഖനായ അനിൽ അംബാനിക്കുവേണ്ടി കോടതി ഉത്തരവ് തിരുത്തിയതിന്റെ പേരിലാണ് അത്യസാധാരണമായ ഈ ശിക്ഷാ നടപടി. റിലയൻസ് കമ്മ്യൂണിക്കേഷൻ എന്ന ടെലികോം കമ്പനിയുടെ അധിപനായ അനിൽ അംബാനി ഉൾപ്പെടെയുള്ളവർ കോർട്ടലക്ഷ്യ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നേരിട്ടു ഹാജരാകണമെന്നായിരുന്നു ഹർജിയിൽ വാദം കേട്ട രോഹിങ്‌ടൻ നരിമാൻ, വിനീത് സരൺ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. തുറന്ന കോടതിയിൽ ബെഞ്ചിൽ നിന്നുണ്ടായ ഈ ഉത്തരവ് കുറിച്ചെടുത്ത് പിന്നീട് സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ ഇടേണ്ടത് അസിസ്റ്റന്റ് രജിസ്ട്രാറുടെ ചുമതലയാണ്. അനിൽ അംബാനിയും കൂട്ടരും നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് വെബ്‌സൈറ്റിൽ വന്നപ്പോൾ ഹാജരാകേണ്ടതില്ല എന്നായി മാറുകയായിരുന്നു. ഹർജിക്കാരായ സ്വീഡിഷ് കമ്പനിയായ എറിക്‌സന്റെ അഭിഭാഷകൻ മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് ഉത്തരവിലെ തെറ്റ് കണ്ടുപിടിച്ച് കേസ് കേട്ട ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്വേഷണം നടത്തിയതിൽ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടുതന്നെ കളിച്ച കളിയാണിതെന്ന് കോടതിക്കു ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ഭരണഘടനയുടെ 311-ാം വകുപ്പ് നൽകുന്ന വിശേഷാധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് കുറ്റക്കാരെന്നു കണ്ടെത്തിയ കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻകുമാർ ചക്രവർത്തി എന്നിവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. അംബാനിക്കു വേണ്ടി ഇരുവരും നടത്തിയ കൃത്രിമം അന്വേഷണത്തിൽ സംശയലേശമെന്യേ തെളിഞ്ഞിരുന്നു.
രാജ്യത്തെ പരമോന്നത നീതിപീഠത്തിൽപ്പോലും സമ്പത്തും സ്വാധീനവുമുള്ളവർക്ക് ഒറ്റുകാരും പിണിയാളുകളുമുണ്ടെന്നു വരുന്നത് തികച്ചും അവിശ്വസനീയമാണ്. കോർട്ട് മാസ്റ്റർമാരിൽ നിന്നുണ്ടായത് അബദ്ധത്തിലുള്ള കൈപ്പിഴയല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞ സ്ഥിതിക്ക് ഇങ്ങനെയൊരു വ്യാജ ഉത്തരവിന്റെ ആനുകൂല്യം പറ്റാനിരുന്ന വ്യവസായ പ്രമുഖരുടെ നേരെയും സംശയത്തിന്റെ നിഴൽ നീളുന്നുണ്ട്. തുറന്ന കോടതിയിലും ചേംബറിലും ജഡ്ജിമാർ വാക്കാൽ പറയുന്ന ഉത്തരവുകൾ കുറിച്ചെടുത്ത് കക്ഷികളെ അറിയിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഇതുപോലുള്ള കള്ളം കാണിക്കാൻ മുതിരുന്നത് അത്യപൂർവ സംഭവം തന്നെയാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഏറെ ഗൗരവമുള്ള വിഷയമാണിത്. ഉദ്യോഗസ്ഥർക്ക് കൈയോടെ തന്നെ അർഹമായ ശിക്ഷ തന്നെ ലഭിച്ചുവെന്നതാണ് ഇരുണ്ട ഈ അദ്ധ്യായത്തെ പ്രകാശമാനമാക്കുന്ന ഘടകം.
സ്വീഡിഷ് കമ്പനിക്ക് അംബാനിയുടെ കമ്പനി 550 കോടി രൂപ നൽകാനുള്ളതിൽ വീഴ്ച വന്നപ്പോഴാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്തംബർ 30-ന് മുൻപ് തുക കൈമാറാൻ കോടതിയിൽ ഇരു കക്ഷികളും ധാരണയിലെത്തിയിരുന്നു. ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് എറിക്‌സൺ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും കോടതിയിലെത്തിയത്.
നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് ഊനം തട്ടുന്ന എന്തെങ്കിലുമുണ്ടായാൽ അപരിഹാര്യമായ ചേതമാണുണ്ടാവുകയെന്നു പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യ സംവിധാനത്തിലെ നെടും തൂണുകളിൽ പ്രധാനപ്പെട്ടതാണ് ജുഡിഷ്യറി. സംശയത്തിന്റെ നേരിയ നിഴൽ പോലും അതിൽ വന്നു വീഴാൻ പാടില്ലാത്തതാണ്. നീതി തേടി ജനങ്ങൾ അവസാനത്തെ അഭയമായി ആശ്രയിക്കുന്ന നീതിപീഠങ്ങളുടെ വിശ്വാസ്യതയിലാണ് ജനാധിപത്യത്തിന്റെ നിലനില്പു തന്നെ. കോടതി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കൈക്കൂലി നൽകിയും അനുകൂല ഉത്തരവ് സമ്പാദിക്കാമെന്ന തോന്നലുണ്ടാകുന്നതു തന്നെ നീതിപീഠത്തെ അവഹേളിക്കലാണ്. രാജ്യത്തെ സാമൂഹ്യ വ്യവസ്ഥ എത്രമാത്രം ദുഷിച്ചിരിക്കുന്നുവെന്നുള്ളതിന്റെ തെളിവു കൂടിയാണിത്. അധികാരത്തിന്റെ അകത്തളങ്ങൾ വരെ അഴിമതിക്കാർക്കായി തുറന്നു കിടക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. എന്നാൽ നീതിപീഠങ്ങളെയും അതുപോലെ കാണാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് തെറ്റുകാണിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്കു പിരിച്ചുവിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ നടപടി. സകല മേഖലകളിലും കൊടികുത്തി വാഴുന്ന അഴിമതിയിൽ സാധാരണക്കാർ ശ്വാസം മുട്ടുകയാണ്. ഉന്നതങ്ങളിലെ അഴിമതി തടയാനുള്ള സംവിധാനത്തിനായി അന്നാഹസാരെയെപ്പോലുള്ളവർ പലവുരു ഉണ്ണാവ്രതം അനുഷ്ഠിക്കേണ്ടിവരുന്നു. പതിറ്റാണ്ടുകളായി ലോകായുക്തയ്ക്കായി രാജ്യം കാത്തിരിക്കുകയാണ്. ഇനിയും ആ അസുലഭ സംവിധാനം പ്രാബല്യത്തിലായിട്ടില്ല. അതിനിടയിലാണ് കോടതി ഉത്തരവിനു പോലും ചിലർ മറുഭാഷ്യം രചിക്കുന്നത്. കോടതി ഉത്തരവ് മാറ്റി എഴുതിച്ച് നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാകാമെന്നു കരുതിയ വ്യവസായ പ്രമുഖന്റെ വങ്കത്തമാണ് അതിനെക്കാൾ വിശേഷം. തെറ്റ് തിരുത്തപ്പെട്ടുവെങ്കിലും അതു നൽകുന്ന സന്ദേശം ആശങ്കയുളവാക്കുന്നതു തന്നെയാണ്.