തിരുവനന്തപുരം: മന്നത്ത് പത്മനാഭൻ നവോത്ഥാന നായകനാണെന്നതിൽ സംസ്ഥാന സർക്കാരിന് സംശയമൊന്നുമില്ലെന്ന് മന്ത്രി എ.കെ.ബാലൻ. മന്നത്തിന്റെ കുത്തകയൊന്നും ആരും ഏറ്റെടുക്കേണ്ട. മന്നത്തിനെ കക്ഷത്ത് വച്ചുകൊണ്ട് നടക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രാഹ്മണ്യത്തിന്റെ പീഡനം ഏറെ അനുഭവിച്ച നായർ സ്ത്രീസമുദായത്തിന് മോചനം സാദ്ധ്യമാക്കിയത് മന്നത്തിന്റെ മഹത്തായ വിപ്ളവമാണ്. അതിനെ വിലകുറച്ച് കാണേണ്ടതില്ല. സർക്കാർ പ്രസിദ്ധീകരിച്ച നവോത്ഥാനനായകരുടെ പുസ്തകത്തിൽ മന്നത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളസാഹിത്യ അക്കാഡമിയുടെ ഡയറിയിൽ ഒഴിവാക്കപ്പെട്ടത് മനഃപൂർവമല്ല. മന്നത്തിനെ ഒഴിവാക്കിയത് സർക്കാരിനെതിരായ ആയുധമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു നിലയം
സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലകളിൽ സാംസ്കാരിക നായകരുടെ പേരിൽ നിലയങ്ങൾ നിർമ്മിക്കും. ആദ്യത്തെ നിലയം കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ പേരിലാണ്. 21ന് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തമ്പാനൂരിൽ ലെനിൻ രാജേന്ദ്രന്റെ പേരിൽ സിനിമാ തിയേറ്റർ നിർമ്മിക്കും.
യുവജനോത്സവ പരിശീലനം
യുവജനോത്സവങ്ങളിൽ ഗ്രാമങ്ങളിലെ കുട്ടികളെ പരിശീലിപ്പിക്കാൻ വിദഗ്ദ്ധ കലാകാരൻമാരുടെ സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഉദ്ഘാടനം ആയിരം ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആയിരം കലാകാരൻമാരെയാണ് ഇതിനായി നിയോഗിക്കുക. ഇവർക്ക് പതിനായിരം രൂപ സർക്കാർ ഒാണറേറിയം കൊടുക്കും. ഇതിൽ അയ്യായിരം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായിരിക്കും.
ഹാരിസൺ ഭൂമി
ഹാരിസൺ കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാരിന് സ്ഥാപിത താത്പര്യമില്ല. നിയമപരമായ കാര്യങ്ങൾ നോക്കി ചെയ്യുമ്പോഴുള്ള കാലതാമസം മാത്രമാണുള്ളത്. മരം മുറിക്കാൻ അനുമതി നൽകിയതിൽ വീഴ്ചയില്ല.