തിരുവനന്തപുരം: സർവേ ഫലങ്ങൾ നൽകിയ മുൻതൂക്കത്തിന്റെ ആത്മവിശ്വാസവുമായി കേരളത്തിൽ ലോക്സഭാ തിരഞ്ഞടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന കോൺഗ്രസ് സംസ്ഥാനത്തെ 20ൽ 16 സീറ്രിലും മത്സരിച്ചേക്കും. ശേഷിക്കുന്ന സീറ്റുകളാകും ഘടകകക്ഷികൾക്ക് പങ്കുവയ്ക്കുക. മുൻവർഷങ്ങളിലേതുപോലെ ലീഗിന് രണ്ട് സീറ്റും കേരള കോൺഗ്രസിനും ആർ.എസ്.പിക്കും ഓരോ സീറ്റ് വീതവും നൽകും. വിരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ മുന്നണി വിട്ടതോടെ ഒഴിവുവന്ന പാലക്കാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ഇതോടെ 16 സീറ്റിൽ കോൺഗ്രസിന് മത്സരിക്കാനാവും. മറ്റ് ഘടകകക്ഷികൾക്കൊന്നും സീറ്ര് നൽകിയേക്കില്ല. എന്നാൽ, സീറ്ര് കിട്ടണമെന്ന ആവശ്യം അവരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
അതേസമയം, കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് രണ്ട് സീറ്ര് ചോദിക്കുന്നുണ്ട്. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നാണ് ആവശ്യം. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗമാണ് രണ്ടാം സീറ്റിനായി പിടിമുറുക്കുന്നത്. എന്നാൽ, ഒരു സീറ്റിനപ്പുറം നൽകാനാവില്ലെന്ന നിലപാടാകും സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസ് സ്വീകരിക്കുക.
സീറ്റിനെച്ചൊല്ലി മാണിഗ്രൂപ്പിലുണ്ടായ കലഹം അവർ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് എന്നും സൂചനയുണ്ട്. രണ്ട് സീറ്റ് ചോദിച്ചാൽ മൂന്നാം സീറ്റിനായി ലീഗ് രംഗത്തെത്തും. അത് മുന്നണിയിൽ അസ്വാരസ്യത്തിന് ഇടയാക്കും. അതൊഴിവാക്കാൻ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾതന്നെയാകും ഇക്കുറിയും കോൺഗ്രസ് നൽകുക. ഇക്കാര്യം മാണി ഗ്രൂപ്പിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. സീറ്റിനെചൊല്ലിയുള്ള മാണിഗ്രൂപ്പിലെ കലഹം സീറ്റ് വിഭജനം പൂർത്തിയാവുന്നതോടെ അവസാനിക്കുമെന്ന കണക്കുകൂട്ടലും കോൺഗ്രസിനുണ്ട്. ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്ക് നീങ്ങില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്നലെ ഇടവേളയായിരുന്നു. ഇന്ന് വൈകിട്ട് വീണ്ടും തുടങ്ങും. അതിനിടെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം. സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷമാകും കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം തുടങ്ങുക. മുല്ലപ്പള്ളിയുടെ യാത്ര സമാപിച്ചശേഷമായിരിക്കും അത്.
എം.എൽ.എമാർ മത്സരിക്കുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എം.എൽ.എമാർ മത്സരിക്കണ്ട എന്നാണ് ധാരണയെങ്കിലും വിജയസാദ്ധ്യത പരിഗണിച്ച് കേരളത്തിൽ ചിലരെ രംഗത്ത് ഇറക്കിക്കൂടായ്കയില്ല. ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അടൂർ പ്രകാശ് എന്നിവരുടെ പേരുകളൊക്കെ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, എം.എൽ.എമാർ രംഗത്തിറങ്ങുന്നതിൽ എതിർപ്പ് ഉയരാനും ഇടയുണ്ട്. അതിനാൽ, ഹൈക്കമാൻഡാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതേസമയം, സിറ്റിംഗ് എം.പിമാർക്കെല്ലാം സീറ്റ് നൽകിയേക്കും. കെ.പി.സി.സി പ്രസിഡന്റ് ആയതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ ഇടയില്ല. എന്നാൽ,
വടകര പിടിക്കാൻ മുല്ലപ്പള്ളിതന്നെ വേണം എന്ന നില വന്നാൽ ഹൈക്കമാൻഡ് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയേക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. എറണാകുളത്ത് കെ.വി.തോമസ് വീണ്ടും മത്സരിക്കുന്നതിനെതിരെ മണ്ഡലത്തിൽ ചില എതിർപ്പുകൾ ഉയരുന്നുണ്ട്. പകരം ലത്തീൻ വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ നേതാവിന് സീറ്ര് നൽകണമെന്ന ആവശ്യം ചിലർ ഉന്നയിക്കുന്നുണ്ട്.