ആറ്റിങ്ങൽ: ആറ്റിങ്ങൽ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ നാലുവരിപ്പാതയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി, നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആസൂത്രണ ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ആർ. രാമു, സി.എസ്. ജയചന്ദ്രൻ, എസ്. കുമാരി, സി. പ്രദീപ്, ആർ. പ്രദീപ്കുമാർ, എസ്. സജീവ് എന്നിവർ സംസാരിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ദേശീയപാതയ്ക്കൊപ്പം പാലസ് റോഡും വികസിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ 24.77 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മിക്കുന്നത്. പാതയ്‌ക്കായി വിട്ടുനൽകിയ സർക്കാർ ഭൂമി മതിൽകെട്ടി വേർതിരിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. 48.7 ലക്ഷമാണ് ഇതിന്റെ നിർമ്മാണ ചെലവ്.