കീമോ രോഗികൾക്കായി പ്രത്യേക കൗണ്ടർ
തിരുവനന്തപുരം : കാൻസർ രോഗികളുടെ അത്താണിയായ റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഇനി മരുന്ന് വാങ്ങാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട. പുതിയ ഏഴ് ഫാർമസി കൗണ്ടറുകൾ തുറന്നാണ് വർഷങ്ങളായി രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് അധികൃതർ പരിഹാരം കാണുന്നത്. 20വർഷത്തിന് ശേഷമാണ് ആർ.സി.സിയിൽ പുതിയ ഫാർമസി കൗണ്ടർ തുറക്കുന്നത്.
പുതിയ ബ്ലോക്കിൽ ആറാംനിലയിൽ കീമോതെറാപ്പി വാർഡിന് സമീപം രണ്ട് കൗണ്ടറുകളും മൂന്നാം നിലയിൽ അഞ്ച് കൗണ്ടറുകളുമാണ് നാളെ വൈകിട്ട് 4.30ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നത്. പുതിയ കൗണ്ടറുകൾ രാവിലെ 9 മുതൽ വൈകിട്ട് 4.30വരെ പ്രവർത്തിക്കും. പഴയ മൂന്ന് കൗണ്ടറുകളും ഇനിമുതൽ 24മണിക്കൂറും പ്രവർത്തിക്കും.
എൻ.എ.ബി.എൽ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്നതോടൊപ്പം കേരള മെഡിക്കൽ സർവീസ് കോർപറേഷനുമായും (കെ.എം.സി.എൽ) ആർ.സി.സി ധാരണാപത്രം ഒപ്പുവച്ചു. ആർ.സി.സിയിലെ ഫാർമസിയിൽ മരുന്നുകൾ ലഭ്യമല്ലെങ്കിൽ മെഡിക്കൽകോളേജ് വളപ്പിനുള്ളിലെ കാരുണ്യ സെന്ററിൽ നിന്ന് ലഭ്യമാക്കും. ക്ഷേമപദ്ധതികളുടെ ആനുകൂല്യമുള്ളവർക്ക് കാരുണ്യയിൽ നിന്ന് സൗജന്യമായി മരുന്ന് ലഭിക്കും. ഇതിനായി കാരുണ്യയും ആർ.സി.സിയും തമ്മിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.
രോഗികൾക്കായി ജൈവകാന്റീൻ
കാൻസർ വന്നുകഴിഞ്ഞാൽ ഏതൊക്കെ ആഹാരം കഴിക്കണം, ഒഴിവാക്കണം തുടങ്ങിയ രോഗികളുടെ സംശയങ്ങൾ മാറ്റാൻ ആർ.സി.സിയിൽ ജൈവ കാന്റീൻ തുറക്കുന്നു. രോഗികൾക്ക് യോജിച്ച ഭക്ഷ്യ വിഭവങ്ങളാണ് കാന്റീനിലൂടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നത്. നിലവിൽ സ്റ്റാഫ് കാന്റീൻ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് കാന്റീനിൽ പാചകം ചെയ്യുന്ന ഭക്ഷണമാണ് ജൈവ കാന്റീനിലും ലഭ്യമാക്കുന്നത്. ആശുപത്രിയിലെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധപ്പിക്കുന്ന ഇടനാഴിയിൽ ഒരുക്കിയിട്ടുള്ള കാന്റീനും മന്ത്രി കെ.കെ.ശൈലജ നാളെ രോഗികൾക്ക് തുറന്നു നൽകും.
"രോഗികളുടെ ഏറെക്കാലത്തെ ആവശ്യമാണ് പുതിയ ഫാർമസി കൗണ്ടറുകൾ തുറക്കുന്നതോടെ നിറവേറുന്നത്. ഇതോടെ ആർ.സി.സിയിലെ ക്യൂ പൂർണമായും ഒഴിവാകും. ജൈവകാന്റീൻ പുതിയൊരു ഭക്ഷണ സംസ്കാരം പഠിപ്പിക്കും."
-ഡോ. രേഖ എ.നായർ
ആർ.സി.സി, ഡയറക്ടർ