chemmaruthi

വർക്കല: 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുളള ഒന്നാം സ്ഥാനമാണ് ലഭിച്ചത്. പദ്ധതിവിഹിതം നൂറ് സതമാനം ചെലവഴിക്കാനും നികുതി പിരിവിൽ മികച്ചനേട്ടം കൈവരിക്കുന്നതിനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമസഭാ പ്രവർത്തനം, പഞ്ചായത്ത് കമ്മിറ്റി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം, ജാഗ്രതാസമിതി എന്നിവയുടെ മികച്ച പ്രവർത്തനവും കണക്കിലെടുത്താണ് പുരസ്കാരം. വയോജന പരിപാലനം, അജൈവമാലിന്യ ശേഖരണത്തിനുളള ഹരിതകർമ്മസേന രൂപീകരണം എന്നിവയായിരുന്നു നൂതനപദ്ധതികൾ. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യകേന്ദ്രം സ്ഥാപിച്ചതും ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആദ്യമായി വീടുകൾ പൂർത്തീകരിച്ചതും ചെമ്മരുതിയിലാണ്. എല്ലാ സ്കൂളുകളിലും ടോയ്ലറ്റുകളും സ്മാർട്ട് ക്ലാസ് റൂമുകളും നിർമ്മിച്ചു. പച്ചക്കറി കൃഷി, ആട് വളർത്തൽ, സമഗ്ര നെൽകൃഷി, സാന്ത്വന ചികിത്സ, വീട് വാസയോഗ്യമാക്കൽ, വയോജനപരിപാലനം, ജീവിതശൈലി രോഗനിയന്ത്റണ ക്ലിനിക്കുകൾ, കുടിവെളളത്തിനായി പൈപ്പ്ലൈനുകൾ ദീർഘിപ്പിക്കൽ, തെരുവുവിളക്ക് പരിപാലനത്തിന് അടാട്ട് മോഡൽ എന്നിവയായിരുന്നു മറ്റു പ്രധാന പദ്ധതികൾ. 2018-19 വാർഷിക പദ്ധതിക്ക് ആദ്യ അംഗീകാരം ലഭിച്ച പഞ്ചായത്ത് കൂടിയാണ് ചെമ്മരുതി. ഒന്നാം സ്ഥാനം നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും 19ന് തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ മന്ത്റി എ.സി.മൊയ്തീനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, വൈസ് പ്രസിഡന്റ് കുമാരി അജി എന്നിവർ ഏറ്റുവാങ്ങും.