pinarayi-vijayan

 ജീവനക്കാരുണ്ടാവില്ല കിയോസ്കിൽ പറയാം  പരാതി റെക്കാഡ് ചെയ്യും

ദുബായ്: ദുബായ് പൊലീസിന്റെ മാതൃകയിൽ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ സംസ്ഥാനത്തും ആരംഭിക്കുമെന്ന് ലോക കേരളസഭ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമാണ് സ്മാർട്ട് സ്റ്റേഷനുകൾ. ഇടനിലക്കാരുടെ ആവശ്യമില്ല. ഒരുമുറി മാത്രമുള്ള സ്റ്റേഷനിൽ കയറിയാൽ വാതിൽ താനേ അടയും. എ.ടി.എം പോലുള്ള കിയോസ്കിൽ 5 ഭാഷകളിൽ ആവശ്യം അറിയിക്കാം. ഏത് പൊലീസ് ഉദ്യോഗസ്ഥനുമായും സംസാരിക്കാം. ഇത് പൊലീസ് ആസ്ഥാനത്ത് റെക്കാഡ് ചെയ്യപ്പെടും.

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് സ്‌മാർട്ട് സ്റ്റേഷനുകൾ. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനാണ് ദുബായ് ജുമൈറയിലേത്. ഇവിടെ മുഖ്യമന്ത്രി സന്ദർശനം നടത്തി. ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ- ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ, മേജർ അഹമ്മദ് ബിൻ ഫഹദ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കേരളത്തിൽ സ്‌മാർട്ട് സ്റ്റേഷൻ തുടങ്ങാൻ എല്ലാ സഹായവും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിൽ മലയാളവും കൂട്ടിച്ചേർക്കാൻ സാങ്കേതിക വിദഗ്ദ്ധരെ ദുബായ് അയച്ചുതരും. തുടർ നടപടിക്ക് ഐ.ടി സെക്രട്ടറിക്ക് അപ്പോൾ തന്നെ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്‌മാർട്ട് സ്റ്റേഷനുകളെക്കുറിച്ച് പഠിക്കാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

സമാപനസമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ചീഫ്സെക്രട്ടറി ടോംജോസ്, വ്യവസായികളായ എം.എ.യൂസഫലി, രവിപിള്ള, ആസാദ്മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

മലയാളി സംഘടനയ്ക്ക് അനുമതി

ദുബായിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മലയാളികളുടെ സംഘടന രൂപീകരിക്കാൻ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിട്ടി ഡയറക്ടർ ജനറൽ തത്വത്തിൽ അനുമതി നൽകി. മലയാളികളുടെ സർഗവാസനകൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന വിജ്ഞാന, സാംസ്കാരിക നിലയമാക്കി ഇതിനെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.