അധികസീറ്റ് കോൺഗ്രസ് വിട്ടുനൽകില്ല
കോട്ടയം നൽകാൻ മാണിയും തയ്യാറല്ല
തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ മാണി, ജോസഫ് ശീതസമരം മൂർച്ഛിച്ച് നിൽക്കെ യു.ഡി.എഫ് നാളെ സീറ്റ് വിഭജന ചർച്ചയിലേക്ക് കടക്കുന്നു. ഒരു സീറ്റു കൂടി മാണി ആവശ്യപ്പെടുന്നുണ്ടെങ്കിലും വിട്ടുനൽകാൻ സാദ്ധ്യതയില്ലെന്നിരിക്കെ പി.ജെ. ജോസഫിന്റെ നീക്കങ്ങളിലാണ് ഏവരും ഉറ്റുനോക്കുന്നത്. മുസ്ലിംലീഗ് മൂന്നാമതൊരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ്- ജേക്കബും ഒരു സീറ്റ് ചോദിച്ച് നിൽക്കുന്നു.
എന്നാൽ, ദക്ഷിണേന്ത്യയിൽ നിർണായകമായ കേരളത്തിൽ പരമാവധി സീറ്റുകൾ ഉറപ്പിക്കേണ്ടതുള്ളതുകൊണ്ട് ഈ ആവശ്യങ്ങൾ കോൺഗ്രസ് നിരസിക്കാനാണ് സാദ്ധ്യത. ലീഗുമായും മാണിയുമായുമുള്ള ചർച്ചകളാണ് നാളെ പ്രധാനമായും നടക്കുക. മറ്റുള്ളവരുമായി അടുത്ത ദിവസവും.
അതേസമയം, രണ്ട് സീറ്റെന്ന തത്‌സ്ഥിതി തുടരാൻ കോൺഗ്രസുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളുറപ്പിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇപ്പോഴത്തെ അവകാശവാദം അതിന്റെ മുന്നോടിയാണ്. സീറ്റില്ലെന്ന സന്ദേശം കോൺഗ്രസ് നേതൃത്വം ജേക്കബ് ഗ്രൂപ്പിനും കൈമാറിയിട്ടുണ്ട്.
മുന്നണിയിൽ അസ്വാരസ്യത്തിന് വിത്ത് പാകാൻ മാണി ആഗ്രഹിക്കുന്നില്ല. എന്നാൽ, ലയന ശേഷം പാർട്ടിയിൽ ഒതുക്കപ്പെട്ടെന്ന വികാരം ജോസഫ് വിഭാഗത്തിൽ ശക്തമാണ്. കോൺഗ്രസ് വിട്ടുനൽകിയ രാജ്യസഭാ സീറ്റിൽ ജോസ് കെ. മാണിയെ മത്സരിപ്പിച്ചതിന് പിന്നാലെ കോട്ടയം ലോക്‌സഭാ സീറ്റും മാണി വിഭാഗം ഏറ്റെടുക്കാനുള്ള സാദ്ധ്യത അവർ കാണുന്നു. ജോസഫ് വിഭാഗം ഇടുക്കിയോ ചാലക്കുടിയോ അധികമായി ആവശ്യപ്പെടുന്നതും അതിനാലാണ്. വിട്ടുകിട്ടിയാൽ സ്വയം കളത്തിലിറങ്ങാൻ പി.ജെ. ജോസഫ് തയ്യാറായെന്നും വരാം. അതേസമയം അധികസീറ്റിന് കോൺഗ്രസ് വഴങ്ങാതിരുന്നാൽ, കോട്ടയം തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് ജോസഫിന്റെ ആവശ്യം. അങ്ങനെ ധാരണയില്ലെന്ന് ജോസ് കെ.മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ജോസഫ് ഇടഞ്ഞാൽ...
ജോസഫിനെ പിണക്കാതെയുള്ള ഒത്തുതീർപ്പ് ഫോർമുല കോൺഗ്രസും മാണിയും എങ്ങനെ കണ്ടെത്തും എന്നതിലാണ് ആകാംക്ഷ. നാളത്തെ ഉഭയകക്ഷി ചർച്ച നിർണായകമാകുന്നതും അതിനാലാണ്. മാണിഗ്രൂപ്പ് പിളർന്നാലും ജോസഫ് യു.ഡി.എഫ് വിട്ടുപോകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ജോസഫിന്റെ നീക്കങ്ങളെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ഇടതു പക്ഷവും. നേരത്തേ മാണിയുടെ മുന്നണിമാറ്റ നീക്കത്തിന് തടയിടുന്നതിൽ നിർണായക പങ്ക് വഹിച്ച ജോസഫ് യു.ഡി.എഫ് വിട്ടുപോരില്ലെന്ന് അവർ കരുതുന്നു. എന്നാൽ, ആത്മാഭിമാനത്തിന് മുറിവേൽക്കുന്ന നില വന്നാൽ ജോസഫിന്റെ നിലപാടെന്തെന്ന ചോദ്യത്തിലേക്ക് ഇടതു മുന്നണി ഉറ്റുനോക്കുന്നുണ്ട്. ജോസഫിന്റെ പ്രിയശിഷ്യനായ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് ഇടതുമുന്നണി ഘടകകക്ഷിയായി നിൽക്കുമ്പോൾ പ്രത്യേകിച്ചും.