ആയിരം ദിവസങ്ങൾ ഒരു സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ മതിയായ കാലയളവല്ല. എന്നിരുന്നാലും സംസ്ഥാനത്തെ കൂടുതൽ വ്യവസായസൗഹൃദമാക്കുക, വാണിജ്യസൗഹൃദ സാഹചര്യം സൃഷ്ടിക്കുക, വ്യവസായവളർച്ചയിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങൾക്കൊപ്പം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഇടപെടലുകളാണ് നടത്തിയതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വാഗ്ദാനങ്ങളല്ല യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് വ്യവസായമന്ത്രിയെ വ്യത്യസ്തനാക്കുന്നത്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാനെത്തുന്ന ഒരാളും സാഹചര്യങ്ങളിൽ മനംമടുത്ത് മടങ്ങിപ്പോകരുതെന്ന വാശിയാണ് അദ്ദേഹത്തിന്. കഴിഞ്ഞവർഷം കൊണ്ടുവന്ന വ്യവസായനയത്തിലും പിന്നാലെ കൊണ്ടുവന്ന ഇൗസ് ഒാഫ് ഡൂയിംഗ് ബിസിനസ് ദൗത്യത്തിലും കെ.സ്വിഫ്റ്റ് എന്ന പുതിയ ചട്ടത്തിലും ഇൗ വാശിയാണ് പ്രതിഫലിക്കുന്നത്. വ്യവസായമേഖലയിലെ നേട്ടങ്ങൾ കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് ആകർഷിച്ചു. കൂടുതൽ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ ലാഭപ്പട്ടികയിലായി. പരമ്പരാഗത വ്യവസായങ്ങൾ പ്രതിസന്ധിയിൽ നിന്ന് കരകയറി. ചെറുകിട വ്യവസായങ്ങൾ മത്സരശേഷി കൈവരിച്ചു.
എൽ.ഡി.എഫ് സർക്കാർ അധികാരമേറുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ആയിരംദിനങ്ങൾ പിന്നിട്ടപ്പോൾ പൊതുമേഖലയുടെ ലാഭം 106.91 കോടി രൂപയാക്കി. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈയ്ഡ് ഇക്കണോമിക് റിസർച്ച് (എൻ.സി.ഇ.എ.ആർ) പുറത്തിറക്കിയ വ്യവസായ സൗഹൃദ സൂചിക (ഇൻവെസ്റ്റ്മെന്റ് പൊട്ടൻഷ്യൽ ഇൻഡക്സ്) യിൽ കേരളം ആറാമതെത്തി. 2016 ൽ പത്താംസ്ഥാനത്തായിരുന്നു. വ്യവസായമന്ത്രി ഇ.പി.ജയരാജനുമായുള്ള അഭിമുഖത്തിൽ നിന്ന്...
നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ ആയിരംദിവസങ്ങൾക്കുള്ളിലുള്ള നടപടികൾ?
വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങൾ അങ്ങേയറ്റം ലളിതവും വേഗത്തിലുമാക്കി. അനാവശ്യ നിബന്ധനകളും സങ്കീർണതകളും ഒഴിവാക്കി. വിവിധവകുപ്പുകളുടെ കീഴിലുള്ള ഏഴു നിയമങ്ങളിൽ ഭേദഗതി വരുത്തി. കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്റ്റ് 2018 എന്ന പേരിൽ പുതിയ നിയമം കൊണ്ടുവന്നു. വകുപ്പുകളിൽ നിലവിലുള്ള 10 ചട്ടങ്ങളും ഭേദഗതി വരുത്തി. ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കാൻ കെ സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ഏകജാലക സംവിധാനത്തിന് രൂപംനൽകി. വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി ലഭ്യമാക്കാൻ ഏകീകൃത അപേക്ഷാ ഫാറം (കോമൺ അപ്ലിക്കേഷൻ ഫാറം) കെ സ്വിഫ്റ്റിന്റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ സമയബന്ധിതമായി കെ സ്വിഫ്റ്റിലൂടെ നടപ്പാക്കും. ഇതോടെ ഒരു സംരംഭകന് ഓഫീസുകൾ കയറിയിറങ്ങാതെ 14 വകുപ്പിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും. ഓൺലൈനായി തന്നെ അപേക്ഷകന് വ്യവസായം തുടങ്ങാനുള്ള അനുമതി ലഭിക്കും. അപേക്ഷയിൽ ഏതെങ്കിലും കാരണവശാൽ 30 ദിവസത്തിനകം നടപടി സ്വീകരിക്കാതിരുന്നാൽ അപേക്ഷകന് കൽപ്പിത അനുമതി (ഡീംഡ് ക്ലിയറൻസ്) ലഭിക്കും.
ചെറുകിടമേഖലയെ സഹായിക്കാനുള്ള ശ്രമം എവിടെ വരെയായി, പ്രളയത്തിൽ ഏറ്റവും കൂടുതൽ കഷ്ടം അനുഭവിച്ചത് അവരല്ലേ ?
പ്രളയത്തിൽ ഏറ്റവും കുടുതൽ ദുരിതം അനുഭവിക്കേണ്ടിവന്ന വിഭാഗങ്ങളിൽ ഒന്നാണ് എം.എസ്.എം.ഇകൾ. ഇത്തരത്തിൽ ദുരന്തം ബാധിച്ച സംരംഭങ്ങൾക്ക് ഒട്ടേറെ സഹായപദ്ധതികൾ സർക്കാർ അനുവദിച്ചു. ഇനിയും സഹായിക്കാൻ തയ്യാറാണ്. പ്രളയബാധിത വ്യവസായങ്ങളെ പുനഃരുദ്ധരിക്കാൻ കെ.എസ്.ഐ.ഡി.സി പുനർജ്ജനി വായ്പാപദ്ധതി നടപ്പിലാക്കി. ഇതുവഴി പ്രളയബാധിത ജില്ലകളിൽ ഹ്രസ്വകാല വായ്പകൾ, പതിവ് കാലാവധി വായ്പകൾ, അധികപിന്തുണ പദ്ധതി എന്നിവ ലഭ്യമാക്കി. ഒൻപത് ശതമാനം പലിശനിരക്കിൽ മൂന്നുകോടി രൂപവരെ വായ്പ നൽകി. നിലവിലുള്ള പലിശയുടെ 2.75 ശതമാനം കുറവാണിത്. വായ്പ ലഭിച്ച് ഒൻപത് മാസത്തിനകം തിരിച്ചടവ് തുടങ്ങിയാൽ മതി. വൻകിട സംരംഭങ്ങൾക്ക് കിട്ടിയിരുന്ന വായ്പകൾ നിബന്ധനകൾക്ക് വിധേയമായി ചെറുകിട സംരംഭങ്ങൾക്കും വ്യക്തികൾ നടത്തുന്ന സംരംഭങ്ങൾക്കും ലഭ്യമാക്കി.
ഇടത്തരം, പരമ്പരാഗത മേഖല ശക്തിപ്പെടുത്തേണ്ടത് വ്യവസായ വളർച്ചയ്ക്ക് അനിവാര്യമല്ലേ?
ഇടത്തരം, ചെറുകിട സംരംഭങ്ങൾ കേരളത്തിന് ഏറ്റവും അനുയോജ്യമാണെന്നാണ് സർക്കാർ സമീപനം. കേരളത്തിന്റെ സാഹചര്യമനുസരിച്ച് ഇവയ്ക്ക് കേരളത്തിൽ വലിയ സാധ്യതയുമുണ്ട്. അത്തരം സംരംഭങ്ങളുടെ പ്രൊമോഷനു വേണ്ടി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. ഈ സർക്കാർ വന്ന ശേഷം എം.എസ്.എം.ഇ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി. ആയിരം ദിവസങ്ങൾക്കിടെ 36000 എം.എസ്.എം.ഇ യൂണിറ്റുകൾ പുതുതായി തുടങ്ങി. ഇതിലൂടെ 3200 കോടിയോളം നിക്ഷേപവും ഒരു ലക്ഷത്തിഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാനും സാധിച്ചു.
പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാൻ നടപടികൾ?
നാടിന്റെ മഹത്തായ പൈതൃകത്തിന്റെ അടയാളങ്ങളാണ് പരമ്പരാഗത വ്യവസായങ്ങൾ. ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗമാണത്. നാടിന് ഏറ്റവും അനുയോജ്യമായതാണ് ഈ മേഖലയിലെ എല്ലാ വ്യവസായങ്ങളും. പരമ്പരാഗത വ്യവസായ മേഖലയെ നിലനിറുത്തേണ്ടത് ആവശ്യമാണ്.
പരമ്പരാഗത വ്യവസായമേഖലയ്ക്ക് എല്ലാ സംരക്ഷണവും നൽകും. കൈത്തറി, ഖാദി, കരകൗശലം, ബാംബൂ, കയർ, കശുഅണ്ടി തുടങ്ങിയ പരമ്പരാഗതമേഖലയിൽ കഴിഞ്ഞ രണ്ടരവർഷമായി സ്വീകരിച്ച നടപടികളുടെ ഫലമായി, പരമ്പരാഗത മേഖലയിലെ തൊഴിലാളികളെയാകെ സംരക്ഷിച്ച് ഉയർന്ന ഉത്പാദനം കൈവരിക്കാനായി.
വ്യവസായരംഗത്തെ പുതിയ സമീപനം?
ഫുഡ് പ്രോസസിംഗ്, ഇലക്ട്രോണിക് ഹാർഡ്വെയർ, ലൈഫ് സയൻസസ്, ലൈറ്റ് എൻജിനിയറിംഗ് തുടങ്ങിയ മേഖലയിലെ വ്യവസായങ്ങൾ നമുക്ക് അനുയോജ്യമാണ്. അത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ലൈറ്റ് എൻജിനിയറിംഗ് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക്സ ഹാർഡ്വെയർ പാർക്ക് തുടങ്ങിയവ തുടങ്ങി. വ്യവസായ പാർക്കുകൾക്കായി 6700 ഏക്കർ ഏറ്റെടുക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ റൈസ് പാർക്ക് തുടങ്ങും. റബ്ബറിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി സിയാൽ മോഡലിൽ കമ്പനി ആരംഭിക്കും.
സ്റ്റാർട്ടപ്പുകളുടെ സാധ്യത?
സ്റ്റാർട്ട്അപ്പുകൾ പുതിയ കാലത്തെ ഏറ്റവും വലിയ സാധ്യതയാണ്. സ്റ്റാർട്ട്അപ്പുകൾക്കും കാര്യമായ പിന്തുണ നൽകും. യുവാക്കളെ ഇത്തരം സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുംവിധം പരിശീലന പരിപാടികളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. കേരളത്തിൽ ഒരു വർഷം രണ്ടുലക്ഷം പേർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇവർക്ക് ജോലി നൽകുക എന്നത് പ്രധാനമാണ്. അതിനെക്കാൾ പ്രധാനമാണ് ജോലി നൽകാൻ കഴിയുന്നവരെ സൃഷ്ടിക്കുക എന്നത്.
വ്യവസായമേഖലയിൽ ആയിരം ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിച്ചോ?
ഓഖി, നിപ എന്നിവയുടെ പ്രഹരത്തിൽനിന്ന് തിരിച്ചുവരുന്നതിനിടെ മഹാദുരന്തമായി ഭവിച്ച പ്രളയം കേരളത്തെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി. കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടി.യുടെയും തിരിച്ചടികളും കാര്യമായി അനുഭവപ്പെട്ടത് കഴിഞ്ഞവർഷമാണ്. ഈ തിരിച്ചടികൾക്കിടയിലാണ് കേരളം വ്യവസായരംഗത്ത് മുന്നേറിയത്. പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ വികസനരംഗത്ത് കൂടുതൽ മുന്നേറാൻ നമുക്ക് സാധിക്കുമായിരുന്നു.
ഇനി?
കൈവരിച്ച നേട്ടങ്ങൾ നിലനിറുത്തുകയും കേരളത്തെ വ്യവസായരംഗത്ത് രാജ്യത്തെ മുൻനിര സംസ്ഥാനമാക്കുകയുമാണ് ലക്ഷ്യം. അതിനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തുകഴിഞ്ഞു. പരിസ്ഥിതി സൗഹാർദ്ദവും മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾക്കു മുൻതൂക്കം നൽകിയുള്ള മാതൃകയിലൂടെ കേരളത്തിന്റെ സമ്പൂർണ വ്യവസായ വികസനം എന്ന ലക്ഷ്യത്തിലേക്കാണ് പ്രയാണം.
പൊതുമേഖലയെ രക്ഷിക്കാൻ മന്ത്രി ഇടപെട്ടുവന്നത് പലരും പറയുന്ന വീരവാദമാണ്. എന്നാൽ പൊതുമേഖലാസ്ഥാപനമായ കൊല്ലം പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്ന കൊല്ലം മീറ്റർ കമ്പനിയെ രക്ഷിക്കാൻ വ്യവസായമന്ത്രി ഇ.പി.ജയരാജൻ നടത്തിയ ഇടപെടൽ അങ്ങനെയല്ല. പതിനഞ്ച് വർഷമായി നഷ്ടത്തിലായിരുന്നു മീറ്റർ കമ്പനി. പൂട്ടാൻ ഉത്തരവിട്ട കമ്പനി പച്ചപിടിച്ചത് മന്ത്രിയുടെ ഇടപെടലോടെയാണ്. ഇതാദ്യമായി 81ലക്ഷം രൂപ ലാഭത്തിലെത്തി. മന്ത്രി ഇടപെട്ട് തദ്ദേശസ്ഥാപനങ്ങളുടെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ബൾബ് വാങ്ങുന്ന ഉത്തരവെല്ലാം കൊല്ലം കമ്പനിക്ക് നൽകി. ഇതുണ്ടാക്കാൻ പുതിയ പ്ളാന്റ് സ്ഥാപിക്കാൻ സർക്കാർ പത്തുകോടി നൽകി. തദ്ദേശസ്ഥാപനങ്ങൾക്ക് ടെൻഡർ വിളിക്കാതെ കൊല്ലം മീറ്റർ കമ്പനിക്ക് ഒാർഡർ നൽകാമെന്ന് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇതുവരെ എട്ടുകോടിയുടെ ഒാർഡർ കിട്ടി. പുറമെ വൈദ്യുതി ബോർഡിന്റെ മീറ്ററുകൾ സ്മാർട്ട് ആക്കാൻ തീരുമാനിച്ചതോടെ സി- ഡാകിൽ നിന്ന് അതിനുള്ള നിർമ്മാണ സാങ്കേതികവിദ്യയും വാങ്ങി. ഇതിന്റെ ഒാർഡറും മീറ്റർ കമ്പനിക്ക് നൽകാൻ നിർദ്ദേശിച്ചു. വൈദ്യുതിബോർഡിന്റെ 11 കെ.വി സബ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന എയർ ബ്രേക്ക് സ്വിച്ചിന്റെയും വാട്ടർ അതോറിട്ടിയുടെ മൾട്ടിമീറ്റർ റീഡറിന്റെയും ഒാർഡറുകളും സർക്കാർ ഇടപെട്ട് നൽകി. ഇത്രയുമായപ്പോൾ ഇൗ വർഷം കിട്ടിയ ഒാർഡർ മൊത്തം 21കോടി. അടുത്ത വർഷത്തേക്കായി കിട്ടിയത് 24.5 കോടിയുടെ ഒാർഡർ. ഇതോടെ കമ്പനി ലാഭത്തിലുമായി. ഗ്യാസ് അതോറിട്ടിയുടെ വാതക പൈപ്പ് ലൈനിന്റെ മീറ്റർ നിർമ്മാണത്തിനുള്ള ഒാർഡറിന് ശ്രമിച്ചു വരികയാണ് കമ്പനി ഇപ്പോൾ.