വിഴിഞ്ഞം: ആഴിമല കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി . ബാലരാമപുരം പുന്നയ്‌ക്കാട് തലയൽ നൈന്നാംകോണം ഐശ്വര്യ ഭവനിൽ കുഞ്ഞുമോൻ - സീമ ദമ്പതികളുടെ മകൻ കെ.എസ്. അഭിജിത്തിനെ (16)യാണ് കാണാതായത്. ഇന്നലെ രാവിലെ അടിമലത്തുറ ഭാഗത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കോസ്റ്റ് ഗാർഡിന്റെ ചെറിയ തിരച്ചിൽ ബോട്ടാണ് കണ്ടെത്തിയത്.
ഓലത്താന്നി വിക്‌ടറി വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം. അടിയൊഴുക്കിൽപ്പെട്ട് മുങ്ങി താഴ്ന്ന അഭിജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് ആകാശിന്റെ കാലിനും കൈയ്‌ക്കും പരുക്ക് പറ്റിയിരുന്നു. മറ്റൊരു സുഹൃത്ത് അനിൽകുമാർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് , അഗ്നിശമന സേന എന്നിവർ രണ്ടു ദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.ആദർശ്, ആകാശ് എന്നിവരാണ് അഭിജിത്തിന്റെ സഹോദരങ്ങൾ.
ഫോട്ടോ: അഭിജിത്ത് കടലിൽ കാണാതാകുന്നതിന് തൊട്ടു മുൻപ് എടുത്ത ചിത്രം.