ponkala

വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ നടന്ന സമൂഹപൊങ്കാലയിൽ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട് പഞ്ചായത്തുകളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. രാവിലെ 8.45ന് ക്ഷേത്രമേൽ ശാന്തി എസ്. ശംഭുപോറ്റി പണ്ടാരഅടുപ്പിൽ തീ പകർന്നു. ദേവിയുടെ ഇഷ്ട വഴിപാടായ പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ നൂറുകണക്കിന് പേർ എത്തിയതായി. ക്ഷേത്രഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ് കുമാർ, എൻ. രവീന്ദ്രൻ നായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവർ അറിയിച്ചു. പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കേരളകൗമുദി വിതുര ബ്യൂറോയുടെയും, ക്ഷേത്രകമ്മിറ്റിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ സപ്ലിമെന്റ് വിതരണം ചെയ്തു. ഉച്ചക്ക് നടന്ന അന്നദാനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ഭക്തിഗാനസുധ, വണ്ടിയോട്ടം, ഉരുൾ, വലിയഉരുൾ, താലപ്പൊലി, പള്ളിപ്പലക എഴുന്നള്ളിപ്പ് എന്നിവയും നടന്നു. സമാപനദിനമായ ഇന്ന് പതിവ് പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ രാവിലെ എട്ടിന് നിലത്തിൽപോര്, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് മൂന്നിന് ഒാട്ടം പൂമാല ചമയൽ, നാലിന് തൂക്കം വഴിപാട്, രാത്രി ഏഴിന് വർണശബളം, തുടർന്ന ഭക്തിനിർഭരവുമായ ഘോഷയാത്ര വിതുര ശ്രീ മഹാദേവർ, ശ്രീദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിതുര ഹൈസ്കൂൾ ജംഗ്ഷൻ, കലുങ്ക് ജംഗ്ഷൻ, കല്ലുവെട്ടാൻകുഴി, കൊപ്പം, മേലേകൊപ്പം, ചായം ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തി സമാപിക്കും. രാത്രി 11ന് ഗാനമേള, പുലർച്ചെ മൂന്നിന് നടക്കുന്ന ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ചായം ജംഗ്ഷനിൽ ചായം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ വൈദ്യുതി ദീപാലങ്കാരവും, പൂത്തിരിമേളയും, ഗാനമേളയും ഉണ്ടായിരിക്കും.