d

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ദേശീയപാത നിർമ്മാണത്തിനായി പൊളിച്ചുമാറ്റാൻ തീരുമാനമായ എസ്.എൻ.ഡി.പി യോഗം മുടവൂർപ്പാറ ശാഖ ഗുരുമന്ദിരത്തിന് ഇനിയും സ്ഥലം അനുവദിച്ചിട്ടില്ല. മുടവൂർപ്പാറയിൽ ദേശീയപാതയ്ക്ക് സമീപം 1976ൽ സ്ഥാപിച്ച ഗുരുമന്ദിരത്തിന് സ്ഥലം നൽകാതായതോടെ ശാഖ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. മുന്നൂറോളം വീടുകളാണ് ഈ ശാഖാപരിധിയിൽ ഉള്ളത്. നേമം യൂണിയനിലെ പ്രമുഖശാഖകളിലൊന്നാണ് മുടവൂർപ്പാറ ശാഖ. ദേശീയപാതയുടെ രണ്ടാംഘട്ട വികസനത്തിനായി ഒഴിവാക്കി നിറുത്തിയിരുന്ന കെട്ടിടങ്ങളിൽ മുടവൂർപ്പാറ ശാഖാമന്ദിരം മാത്രമാണ് ഇനി പൊളിച്ചുമാറ്റാനുള്ളത്. വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ പകരം മറ്റൊരിടം നൽകണമെന്നാണ് ശാഖ ഭാരവാഹികളുടെ ആവശ്യം. 2018 മെയ് 9 ന് മുടവൂർപ്പാറ ഗുരുമന്ദിരത്തിന് സ്ഥലം അനുവദിക്കണമെന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നുമുണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ശാഖാഭാരവാഹികൾ.

ദേശീയപാതയുടെ രണ്ടാംഘട്ടവികസനം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗുരുമന്ദിരം പൊളിച്ചുമാറ്റണമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥർ ശാഖാഭാരവാഹികളെ അറിയിച്ചിരിക്കുന്നത്. എന്നാൽ ശ്രീനാരായണഗുരുമന്ദിരത്തിന് സ്ഥലവും നിർമ്മാണച്ചെലവും സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, മരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ,​ ജില്ലാ കളക്ടർ, ദേശീയപാത എൻ.എച്ച്.ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല. ജനപ്രതിനിധികൾ ആരും തന്നെ ഇക്കാര്യത്തിൽ ശക്തമായി രംഗത്ത് വന്നില്ലെന്നാണ് ഗുരുദേവ വിശ്വാസികളുടെ പരാതി.