തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ അഞ്ചാം ഉത്സവദിവസമായ ഇന്നലെ ആറ്റുകാൽ ദേവീക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു. നിർമ്മാല്യദർശനത്തിനും വൈകിട്ട് ക്ഷേത്രനട തുറന്നപ്പോഴും ക്ഷേത്രസന്നിധി ദേവീ മന്ത്രങ്ങളാൽ മുഖരിതമായി. മണക്കാട് ശ്രീധർമ്മശാസ്‌താവിന്റെ സഹോദരിയാണ് ആറ്റുകാൽ ദേവി എന്നാണ് സങ്കല്പം. ഇന്നലെ വൈകിട്ട് 4.30ന് മണക്കാട് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ആറ്റുകാൽ ക്ഷേത്രത്തിലെത്തി. എന്നാൽ സഹോദരിയെ കാണാതെ ധർമ്മശാസ്‌താവ് തിരികെ പോകുന്നതായിരുന്നു ക്ഷേത്രത്തിലെ ഇന്നലത്തെ പ്രധാനചടങ്ങ്. ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസിൽ എത്തിക്കുന്നതായിരുന്നു ഇന്നലത്തെ തോറ്റംപാട്ട്. കുത്തിയോട്ട വ്രതക്കാർക്കായി ഇന്നലെ ക്ഷേത്രട്രസ്റ്റ് ആത്മീയ ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 10 മുതൽ 12 വരെയായിരുന്നു ക്ലാസ്. ആദ്യമായാണ് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് കുത്തിയോട്ട ബാലന്മാർക്കായി ഇത്തരത്തിൽ ആത്മീയ ക്ലാസ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ദിവസമായ ഇന്ന് ഭക്തർ കൂടുതലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നഗരവീഥികളെല്ലാം പൊങ്കാലയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. നാളെ കഴിഞ്ഞാൽ നഗരത്തിലേത്ത് എത്തുന്നവരെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ വീടുകളെല്ലാം പതിവായി പൊങ്കാല അർപ്പിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭക്തജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി കിഴക്കേകോട്ടയിൽ നിന്ന് ചെയിൻ സർവീസ് നടത്തുന്നുണ്ട്. പൊങ്കാല ദിവസമായ ബുധനാഴ്ച പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഡിപ്പോകളിൽ നിന്നു ആറ്റുകാലിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസും ഒരുക്കിയിട്ടുണ്ട്. റെയിൽവേ എട്ട് സ്പെഷ്യൽ സർവീസും നടത്തും.
ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടറെത്തി
പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ കെ. വാസുകി ഇന്നലെ ക്ഷേത്രത്തിലെത്തി. ക്ഷേത്ര പരിസരത്തെ കളക്ടറുടെ കൺട്രോൾ റൂമിൽ വാട്ടർഅതോറിട്ടി, ഹെൽത്ത്, പൊലീസ്, നഗരസഭ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ക്ഷേത്രത്തിലെ വെടിമരുന്ന് ശാലയിലും കളക്ടർ പരിശോധന നടത്തി. നിയമവിരുദ്ധമായി കതിനകൾ നിറച്ച് സൂക്ഷിക്കരുതെന്ന് കളക്ടർ നിർദ്ദേശം നൽകി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ അവശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. തഹസിൽദാർ ജി.കെ. സുരേഷ് കുമാർ, ആറ്റുകാലിന്റെ താത്കാലിക ചുമതലയുള്ള എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.