തിരുവനന്തപുരം: ഇഷ്‌ടികയും ഇന്റർലോക്ക് ടൈലും ഉൾപ്പെടെ അഞ്ച് പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ട്രാവൻകൂർ ടൈറ്റാനിയം വിപണിയിലെത്തിക്കുന്നു.
റോഡ് മാർക്കിംഗ് പെയിന്റ്, അയൺ ഓക്‌സൈഡ്, ജിപ്‌സം എന്നിവയാണ് കമ്പനി പുതുതായി വികസിപ്പിച്ച മറ്റ് ഉത്പന്നങ്ങൾ.
സർക്കാരിന്റെ വ്യവസായ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ചതെന്ന് ടൈറ്റാനിയം ചെയർമാൻ എ.എ റഷീദ്, മാനേജിംഗ് ഡയറക്ടർ ജോർജ് നൈനാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ മൊത്തം എട്ട് ഉത്പ്പന്നങ്ങളാകും ടൈറ്റാനിയത്തിന്റെ പേരിൽ വിപണിയിലെത്തുന്നത്.
റോഡ് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമായി റോഡിൽ വരകളിടുന്നതിനുള്ളതാണ് റോഡ് മാർക്കിംഗ് പെയിന്റ്. പെട്ടന്ന് ഉണങ്ങും. ഇളകിപ്പോകില്ല. അപകടരഹിതമായ രാത്രിയാത്ര ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ പട്ടം ജംഗ്ഷൻ മുതൽ പ്ലാമൂട് വരെ പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്.
പെയിന്റ്, പ്ലാസ്റ്റിക്, പേപ്പർ, ടൈൽ, മഷി തുടങ്ങിയവയുടെ നിർമ്മാണത്തിന് നിറം നൽകാൻ ഉപയോഗിക്കുന്നതാണ് അയൺ ഓക്സൈഡ്.
സിമന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജിപ്സമാണ് അജന്റോക്സ് ജിപ്സം എന്ന പേരിൽ പുറത്തിറക്കുന്നത്. കെട്ടിടങ്ങളും പാതകളും നിർമ്മിക്കാനുള്ള ബ്രിക്, ഇന്റർലോക്ക് എന്നിവ അജന്റോക്സ് സിമന്റ് ബ്രിക്, അജന്റോക്സ് ഇന്റർലോക്ക് ടൈൽ എന്ന ബ്രാൻഡിലാണ് പുറത്തിറക്കുന്നത്. പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെ വികസിപ്പിച്ചെടുത്തതാണ് എല്ലാ ഉത്പന്നങ്ങളും.
മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രിമാരായ ഇ.പി ജയരാജൻ, ജി.സുധാകരൻ എന്നിവർ 19ന് രാവിലെ 10.30ന് കമ്പനി അങ്കണത്തിൽ നിർവഹിക്കും. വി.എസ് ശിവകുമാർ എം.എൽ.എയും ഡോ.ശശി തരൂർ എം.പിയും പങ്കെടുക്കും. അതിഥി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനവും നടക്കും.