anil

കിളിമാനൂർ : പ്രിയ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഓർമ്മകളിൽ അനിൽകുമാറിന് കണ്ണീർപ്രണാമം. കഴിഞ്ഞദിവസം അന്തരിച്ച തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി വിഭാഗം സബ് ഇൻസ്പെക്ടറായിരുന്ന പനപ്പാംകുന്ന് തറട്ടയിൽ വീട്ടിൽ ബി. അനിൽകുമാറിനെ (52) അനുസ്മരിച്ച് ഗവ. എൽ.പി.എസിലെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ചേർന്ന യോഗം കണ്ണീരോർമ്മയായി. മികച്ച വോളിബോൾ കളിക്കാരനും നിരവധി കായിക - കാർഷിക സംരംഭങ്ങളുടെ സംഘാടകനുമായി നാട്ടിലെ സാമൂഹിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു. വീടിനോടു ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നഴ്സറിയിൽ അദ്ദേഹം വ്യത്യസ്തങ്ങളായ ഫല - പുഷ്പങ്ങളുടെ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. മകളുടെ ബിരുദ പഠന പ്രവേശനവുമായി ബന്ധപ്പെട്ട യാത്രയിൽ ഡൽഹിയിൽവച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. എം.എൽ.എമാരായ ബി. സത്യൻ, വി. ജോയി, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കായിക കാർഷിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു. അനുസ്മരണയോഗത്തിൽ അഡ്വ. സി. രവീന്ദ്രൻ ഉണ്ണിത്താൻ, പഞ്ചായത്തംഗം ബിന്ദു, എസ്. വിദ്യാനന്ദ കുമാർ, വിജയൻ നായർ, ശശാങ്ക് കുറുപ്പ്, പി. ഉണ്ണികൃഷ്ണകുറുപ്പ്, ജി ശാർങ്ധരൻ, ടി. സജീവ്, ഹുസൈൻ, രാധാകൃഷ്ണക്കുറുപ്പ് ,ശശിധരക്കുറുപ്പ്, അരുൺകൃഷ്ണ എന്നിവർ പ്രസംഗിച്ചു.