മലയിൻകീഴ്: കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ നരേന്ദ്ര മോദി ഗവൺമെന്റ് പൂർണപരാജയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടതുമുന്നണിയുടെ കേരള രക്ഷായാത്രയ്ക്ക് കാട്ടാക്കട നിയോജകമണ്ഡലത്തിലെ പേയാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
വരുന്ന തിരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ ഇടതുപക്ഷം നിർണായക ശക്തിയായാൽ അഴിമതിരഹിത ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ തീവ്രവാദി ആക്രമണങ്ങളിൽ 890 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകം മുഴുവൻ വിമാനത്തിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സൈനികർക്ക് സഞ്ചരിക്കാൻ വിമാനം അനുവദിക്കാത്തത് വൻ സുരക്ഷാവീഴ്ചയാണ്. ജമ്മുവിലെ ഭീകരാക്രമണത്തിനിടയാക്കിയ സാഹചര്യമിതാണെന്നും കോടിയേരി പറഞ്ഞു.
ഐ.ബി.സതീഷ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു. എ.പ്രകാശ്ബാബു, പി.സതീദേവി, പ്രൊഫ. വർഗ്ഗീസ് ജോർജ്ജ്, ആന്റണി രാജു, ബിജിലി ജോസഫ്, ഡീക്കൻ തോമസ് കയ്യത്ര, പി.എം.മാത്യു, പി.കെ.രാജൻമാസ്റ്റർ, ബാബുഗോപിനാഥ്, എ.സമ്പത്ത് എം.പി, ജി.ആർ.അനിൽ, ബി.സുരേന്ദൻപിള്ള, എൻ.എം.നായർ എന്നിവർ സംസാരിച്ചു.