പാലോട് : വേനൽക്കാല ചീരക്കൃഷിക്ക് പെരുമ നൽകി ജൈവകർഷകരുടെ കൂട്ടായ്മ.നന്ദിയോട് പൗവ്വത്തൂരിലെ കർഷകൻ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഒരേക്കറിൽ നടത്തിയ കൃഷി ഒന്നാം തരം വിജയമായി.ജലസേചനം ഒരു വലിയ വെല്ലുവിളിയായിരുന്നെങ്കിലും സമീപത്തെ തോട്ടിൽ നിന്നും കുടങ്ങളിൽ വെള്ളമെടുത്ത് തളിച്ചു. തോട്ടിൽ വെള്ളം വറ്റിയപ്പോൾ കൃഷിസ്ഥലത്ത് രണ്ട് കുളം വെട്ടി, പമ്പ് വച്ചു ഹോസിന് വെള്ളം ചീരയിൽ തളിച്ചു. ജൈവ കൃഷിക്ക് മരുന്നായി ഗോമൂത്രം പത്തിരട്ടി വെള്ളം ചേർത്ത് തളിച്ചു. വളമായി ചാണക ലായനിയും.വേനൽമഴ വൈകിയത് രക്ഷയായി. ചീരയിലെ മുഖ്യ രോഗമായ ഇലപ്പുള്ളി വന്നില്ല. നട്ട് ഒരു മാസം പിന്നിട്ടപ്പോൾ തഴച്ചുവളർന്ന ചീരകൃഷി ഇന്നലെ വിളവെടുത്ത് കഴിഞ്ഞപ്പോൾ മഴയുമെത്തി.മഴ ഒരാഴ്ച മുന്നേ പെയ്തിരുന്നെങ്കിൽ ശ്രീജിത്തിന്റെ ചീര കൃഷി പരാജയമായേനെ.ജില്ലയുടെ ജൈവ സമൃദ്ധി പദ്ധതിയിൽ അംഗമായ ശ്രീജിത്തും ഏഴംഗ സംഘവും നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ എസ്.ജയകുമാറിന്റേയും കൃഷി അസിസ്റ്റന്റ് അജിത് കുമാറിന്റേയും സാന്നിദ്ധ്യത്തിൽ വാർഡ്മെമ്പർ സതീശൻ ഉദ്ഘാടനം ചെയ്തു. തോട്ടുംപുറം കർഷകസംഘം കൺവീനർ ബാലകൃഷ്ണൻ നായർ പങ്കെടുത്തു. കരകുളം സമഭാവനയുടെ സൺഡേ മാർക്കറ്റിൽ ഇന്ന് രാവിലെ 7.30 മുതൽ 9.30 വരെനന്ദിയോട് അമ്മക്കൂട്ടം പ്രാവർത്തകർ ഈ ചീര വില്ക്കും.