തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കാൻസർ ചികിത്സ താഴേത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനറൽ ആശുപത്രിയിൽ നിർമാണം പൂർത്തിയായ സ്ട്രോക്ക്, ന്യൂറോ ഐ.സി.യു, ഡേകെയർ കീമോ തെറാപ്പി കാൻസർ വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ മിനി കാൻസർ സെന്ററുകൾ ആരംഭിക്കും. കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാൻസർ സെന്ററുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് ഒഴിവാക്കാനാണ് താഴെ തട്ടിലുള്ള ആശുപത്രികളിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. അതിന്റെ ആദ്യപടിയാണ് ജനറൽ ആശുപത്രിയിൽ ആരംഭിച്ച കാൻസർ വാർഡ്. കൂടുതൽ വികസനത്തിനായി ജനറൽ ആശുപത്രി മാസ്റ്റർപ്ലാൻ തയ്യാറാക്കി നൽകിയാൽ സർക്കാർ പരിഗണിക്കുമെന്നും ആശുപത്രിയിലേക്ക് അഞ്ച് സ്റ്റാഫ് നഴ്സുമാരെയും ഒരു ഫിസിയോ തെറാപ്പിസ്റ്റിനെയും ഏപ്രിൽ മുതൽ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച എട്ടാം വാർഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആർ.സി.സി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് കീമോതെറാപ്പി കഴിഞ്ഞ് തുടർചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കാൻസർ കെയർ കീമോതെറാപ്പി വാർഡിൽ നിന്നു സേവനം ലഭ്യമാകും. കാൻസർ അനുബന്ധ ശസ്ത്രക്രിയ, റേഡിയേഷൻ എന്നിവ കഴിഞ്ഞ രോഗികൾക്കുള്ള ചികിത്സ, മെഡിക്കൽ ക്യാമ്പുകൾ, കാൻസർ നിർണയം, മാമോഗ്രാം, എഫ്.എൻ.എ.സി എന്നീ സേവനങ്ങളും ലഭിക്കും. പക്ഷാഘാതം ബാധിച്ച രോഗികൾക്ക് അടിയന്തര സേവനം എന്ന നിലയിലാണ് സ്ട്രോക്ക് – ന്യൂറോ ഐ.സി.യു ഒരുക്കിയിട്ടുള്ളത്. 8 കിടക്കകളാണ് ഇവിടെയുള്ളത്. കെ. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.പി.പി. പ്രീത, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത, ആരോഗ്യ അഡിഷണൽ ഡയറക്ടർ ഡോ.വി. മീനാക്ഷി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വി.പി. അരുൺ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ടി സരിതാകുമാരി, കൗൺസിലർ ആർ.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.