photo

നെടുമങ്ങാട് : കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിനെ താഴയിറക്കി മതനിരപേക്ഷ സർക്കാർ രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ ഡൽഹിയിലെത്തിയാൽ കാലുമാറി ബി.ജെ.പിക്കൊപ്പം ചേരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിജയിച്ച 82 കോൺഗ്രസ് എം.എൽ.എമാരാണ് ഇത്തരത്തിൽ ബി.ജെ.പിയിൽ ചേർന്നതെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയ്ക്ക് നെടുമങ്ങാട്ടു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ 288 ബി.ജെ.പി എം.പി മാരിൽ 103 പേർ മുൻ കോൺഗ്രസ് നേതാക്കളാണ്‌. കോർപറേറ്റുകളും ശിങ്കിടികളും ചേർന്നുള്ള ഭരണത്തിൽ പശുവിന് കിട്ടുന്ന പരിഗണനപോലും സൈനികർക്കോ മനുഷ്യ ജീവനുകൾക്കോ കിട്ടുന്നില്ല. ഭരണം നിലനിറുത്താനും പിടിക്കാനും ഹിന്ദു എന്ന വികാരം ഉയർത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു, പി.സതീദേവി, രാജൻമാസ്റ്റർ, ബാബു ഗോപിനാഥ്, ഡോ.വർഗീസ് ജോർജ്, കാസിം ഇരിക്കൂർ, ആന്റണി രാജു, മാങ്കോട് രാധാകൃഷ്ണൻ, ആനാവൂർനാഗപ്പൻ, ജി.ആർ. അനിൽ, എസ്.കെ. ആശാരി, അഡ്വ. ആർ. ജയദേവൻ, ചെറ്റച്ചൽ സഹദേവൻ, പാട്ടത്തിൽ ഷെരിഫ്, എം.സി.കെ. നായർ എന്നിവർ സംസാരിച്ചു.