abhi

തിരുവനന്തപുരം: വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ ഒരാഴ്ചയ്ക്കുശേഷം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കേരള പൊലിസിന്റെ പ്രത്യേക സ്‌ക്വാഡ് ഹൈദരാബാദ് പൊലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തിൽ വിനോദിന്റെയും സ്വപ്‌നയുടെയും മകൻ വി.എസ്. അഭിഷേകിനെ (15) ഹൈദരാബാദിലെ ലങ്കാർ ഹൗസ് എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. കുട്ടി ഹൈദരാബാദിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസും ബന്ധുക്കളും അടങ്ങിയ സംഘം ഹൈദരാബാദിലേക്ക് പോയിരുന്നു. ലങ്കാർ ഹൗസിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന അഭിഷേകിനെ ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. ഫോർട്ട് എസ്.ഐ കിരൺ, സി.പി.ഒ മനോജ്,​ അഭിഷേകിന്റെ അച്ഛൻ എന്നിവരുൾപ്പെട്ട സംഘം അഭിഷേകുമായി ഹൈദരാബാദിൽ നിന്ന് തിരിച്ചു. ഇവർ നാളെ മണക്കാട്ടെത്തും. തിരുവല്ലം ക്രൈസ്റ്റ്‌നഗർ സീനിയർ സെക്കൻഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേകിനെ ഈ മാസം ഒമ്പതിന് രാവിലെ മുതലാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ വിടാത്തതിന് വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തമ്പാനൂരിലെത്തി ഹൈദരാബാദിലേക്കുള്ള ശബരി എക്‌സ്‌പ്രസിൽ ടിക്കറ്റെടുത്തു. രാവിലെ ശബരി എക്‌സ്‌പ്രസിൽ കുട്ടി കയറുകയും ഹൈദരാബാദിലേക്ക് ടിക്കറ്റ് എടുക്കാനെന്നു പറഞ്ഞു പുറത്തേക്കിറങ്ങുകയും ചെയ്‌തതായി ഒരു യാത്രക്കാരി വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അഭിഷേകിന്റെ പിതാവും ബന്ധുക്കളുമൊത്ത് ഹൈദരാബാദിലേക്ക് തിരിച്ചു. കുട്ടി 10ന് രാവിലെ ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതായി ഹൈദരാബാദ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. എന്നാൽ ഹൈദരാബാദ് പൊലീസും തിരുവനന്തപുരത്തുനിന്നെത്തിയ പൊലീസ് സംഘവും തെരച്ചിൽ തുടർന്നെങ്കിലും വെള്ളിയാഴ്ച രാത്രി വരെയും കണ്ടെത്താനായില്ല. ഹൈദരാബാദിലെ മലയാളി സംഘടനകളും തെരച്ചിലിന് സഹായിച്ചു. ഇന്നലെ രാവിലെ അഭിഷേക് വീട്ടിലെ ഫോണിലേക്ക് കാൾ ചെയ്‌ത് ' അമ്മേ ' എന്ന് വിളിച്ച് ഉടൻ കട്ട് ചെയ്‌തു. ഈ നമ്പർ പരിശോധിച്ചാണ് പൊലിസ് അഭിഷേക് ലങ്കാർ ഹൗസിലുള്ള കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് ലങ്കാർ ഹൗസിലെ ഓഫീസുകളും കടകളും വീടുകളുമടക്കം പൊലിസ് അരിച്ചുപെറുക്കി. അന്വേഷണത്തിനൊടുവിൽ മൊബൈൽ ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന അഭിഷേകിനെ കണ്ടെത്തുകയായിരുന്നു. അഭിജിത്തിനെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടയാളാണ് ലങ്കാർ ഹൗസിൽ ജോലി കിട്ടുമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധു പറഞ്ഞു.

ഫോട്ടോ: അഭിഷേക് ബന്ധുക്കൾക്കൊപ്പം ഹൈദരാബാദിൽ