തിരുവനന്തപുരം: ഇത്തവണ സാമ്പത്തിക വർഷാവസാനത്തിന് പ്രളയാനന്തര നഷ്‌ടത്തിന്റെ കടുപ്പമുള്ളതുകൊണ്ട് ട്രഷറികൾ മുണ്ടുമുറുക്കി. ഫലം, സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പാടെ നിലയ്‌ക്കുമെന്ന സ്ഥിതി. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള 334 കോടി രൂപയുടെ ബില്ലുകളാണ് ട്രഷറികൾ മാറ്റിവച്ചിരിക്കുന്നത്.
ബില്ല് മാറാതായതോടെ പഞ്ചായത്തുകളിലും നഗരസഭകളിലും കരാറുകാർ പണി നിറുത്തി.
വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു ആദ്യം നിയന്ത്രണം. ചെറുകിട നിർമ്മാണങ്ങൾ ഏറ്റെടുത്ത കരാറുകാർ വെട്ടിലായതോടെ ധനവകുപ്പ് അല്പം അയഞ്ഞു. അഞ്ചു ലക്ഷം വരെയുളള ബില്ലുകൾ മാറാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പക്ഷേ, കരാറുകാർക്ക് ഇതുകൊണ്ട് ഗുണമുണ്ടാകില്ല. ട്രഷറികളിലെത്തുന്ന ഒരു ലക്ഷത്തിനു മേലുളള കരാർ ബില്ലുകൾ ക്യൂ സിസ്റ്റത്തിലേക്കു മാറ്റുന്നതാണ് നിലവിലെ സമ്പ്രദായം. സാമ്പത്തികസ്ഥിതി മെച്ചപ്പടുന്നതിന് അനുസരിച്ച് ആദ്യമെത്തിയ ബില്ലുകൾ ആദ്യം എന്ന ക്രമത്തിൽ പാസാക്കും. എന്നു പാസാകുമെന്നു ചോദിച്ചാൽ ഉത്തമില്ല.
ഒരു ലക്ഷത്തിനു മുകളിലുള്ള കണ്ടിജന്റ് ബില്ലുകൾ പാസാക്കേണ്ട എന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. പദ്ധതിയിതര ചെലവുകളുടെയും വകുപ്പു ചെലവുകളുടെയും മറ്റും ബില്ലുകളാണ് ഈ വിഭാഗത്തിൽ. അത്യാവശ്യ സാഹചര്യമുണ്ടെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രം ഈ ബില്ലുകൾ മാറാം.
ഡിസംബറിലാണ് നിയന്ത്രണം തുടങ്ങിയത്. അന്ന് 50 ലക്ഷമായിരുന്നു പരിധിയെങ്കിൽ ജനുവരി ആദ്യം അത് 10 ലക്ഷമാക്കി. 20 ന് പരിധി ഒരു ലക്ഷമാക്കി. പരാതിയായപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു ലക്ഷമായി ഇളവ് നൽകി. അതിനാകട്ടെ ക്യൂ എന്ന കരുക്കും.
ഇതിനിടെ ആശങ്കയിലായ ചില വകുപ്പുൾ തങ്ങളുടെ തുക മൊത്തമായി പിൻവലിക്കാനും ശ്രമം നടത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലാണ് പ്രളയാനന്തര അറ്റകുറ്റപ്പണികൾക്കെന്നു കാണിച്ച് ജലവിഭവ വകുപ്പിന്റെ 536.27 കോടിയുടെ ബില്ല് എത്തിയത്. ട്രഷറി അധികൃതർ ധനവകുപ്പിന്റെ അനുമതി തേടി. അന്നന്നത്തെ ചെലവുകൾ പോലും നടത്താനാവാത്ത വിധം കഷ്‌ടത്തിലായ ധനസ്ഥിതിയിൽ മറുപടി വൈകിയില്ല: കാൽക്കാശ് പാസാക്കേണ്ട!
വറുതി വന്ന വഴി
പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുളള കേരളത്തിന്റെ പരിധി കേന്ദ്രം കുറച്ചതാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ട്രഷറി നിയന്ത്രണത്തിലേക്കും നയിച്ചതെന്നാണ് ധനവകുപ്പിന്റെ വാദം. 1800 കോടിയോളം രൂപയാണ് ഇതുവഴി മുടങ്ങിയത്. ഏപ്രിലിൽ സർക്കാർ ജീവനക്കാരുടെ രണ്ടു ഗഡു ഡി.എ കുടിശക നൽകണം. മാർച്ചിൽ നാലു മാസത്തെ ക്ഷേമനിധി പെൻഷൻ കുടിശിക വർദ്ധിപ്പിച്ച നിരക്കിൽ ഒരു മാസത്തെ മുൻകൂർ തുകയുമുണ്ട്. ഇതിന് 2980.68 കോടി വേണം.
ഇളവ് ഇവയ്‌ക്ക്
ശമ്പളം, പെൻഷൻ, പൊതുമരാമത്ത്, ജലസേചനം, ലൈഫ് ഭവന പദ്ധതി, മരുന്നുകൾ വാങ്ങുന്നത്, തുറമുഖ എൻജിനിയറിംഗ്. .