തിരുവനന്തപുരം: സൈനികർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ജെ.പി.ക്കും കേന്ദ്രസർക്കാരിനും വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ബി.ജെ.പി അധികാരത്തിൽ വന്നശേഷം കാശ്മീരിൽ 890 സൈനികരാണ് കൊല്ലപ്പെട്ടത്.
കേരളസംരക്ഷണയാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
കേന്ദ്രം നേരിട്ട് ഭരിക്കുമ്പോഴാണിതുണ്ടായത്. ആക്രമണത്തിനുശേഷവും അവിടെ പല സംഭവങ്ങളുമുണ്ടായി. നിയന്ത്രിക്കാൻ സംവിധാനമുണ്ടായില്ല. കാശ്മീരിന്റെ കാര്യത്തിൽ നയതന്ത്രനിലപാടെടുക്കുന്നതിലും ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു. പാകിസ്ഥാൻകാരനല്ല, കാശ്മീരിൽതന്നെയുള്ള യുവാവാണ് ചാവേറായത്. ഇതൊന്നും മുൻകൂട്ടി കാണാൻ സർക്കാരിനായില്ല. ഭീകരവാദത്തെ തുടച്ചുനീക്കുക രാജ്യത്തെ രക്ഷിക്കുക എന്നതാണ് സി.പി.എം ഉയർത്തുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ വീട്ടിലെത്തി വീരജവാന്റെ ഭൗതികശരീരത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെയും കോടിയേരി വിമർശിച്ചു. ഇത്തരത്തിൽ എന്തെങ്കിലും കാട്ടിയില്ലെങ്കിൽ അത് കണ്ണന്താനമാകില്ലല്ലോ, കേന്ദ്രമന്ത്രിയാകുമ്പോൾ അല്പം ഒൗചിത്യമെങ്കിലും പ്രകടിപ്പിക്കേണ്ടേ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
-എസ്. രാജേന്ദ്രനെതിരെ നടപടി
കൊട്ടിയൂർ പീഡനക്കേസിൽ വികാരി ശിക്ഷിക്കപ്പെട്ടത് സർക്കാരിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേവീകുളം സബ് കളക്ടറോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗമായതിനാൽ നടപടി സ്വീകരിക്കേണ്ടത് ജില്ലാകമ്മിറ്റിയാണ്. അതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വരുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ല. ഈ സാഹചര്യം ഇടതുമുന്നണിക്ക് സീറ്റ് കിട്ടുന്നതിന് അനുകൂലമാകും. ജാഥ ഇന്ന് തിരുവനന്തപുരം പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്ക് കടക്കും.