ശ്രീനാരായണ ഗുരുവിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും ഏറ്റവും അനിവാര്യമായ ഒരുകാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ശ്രീനാരായണഗുരു വീണ്ടും വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കുന്നവരും ധാരാളം. അതിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ഞാൻ. അത്രയ്ക്ക് ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളും പ്രസക്തമായ കാലത്ത് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു" എന്ന ബിഗ് ബഡ്‌ജറ്റ് മെഗാ പരമ്പരയുടെ പ്രാധാന്യവും മാഹാത്മ്യവും വർദ്ധിക്കുന്നു.
കണ്ണീർപരമ്പരകളും സംഘർഷാത്മക ദൃശ്യങ്ങളും പെരുകിവരുമ്പോൾ നമുക്കിടയിൽ ജീവിച്ച് നിത്യദീപമായി പ്രശോഭിക്കുന്ന മഹാഗുരുവിന്റെ മഹത്തായ ജീവിതാവിഷ്കാരം ചരിത്രത്തിനും മലയാളത്തിനും സമകാലിക ജീവിതത്തിനും വിലപ്പെട്ടൊരു സംഭാവനയാണ്.
അന്ധകാരവും അനാചാരങ്ങളും കൊണ്ട് വീർപ്പുമുട്ടിയിരുന്ന കേരളത്തിന് ചെമ്പഴന്തിയിലുദിച്ച നിലാവ് എത്രത്തോളം ആശ്വാസം പകർന്നുവെന്ന് നാരായണഗുരുസ്വാമി എന്ന ഗ്രന്ഥത്തിൽ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലനായിരുന്നപ്പോൾ പോലും സമുദായാചാരങ്ങൾക്ക ഉപരിയായി വർത്തിക്കുന്ന ശുദ്ധമായ മനുഷ്യത്വമാണ് ഗുരുവിന്റെ ചേഷ്ടകളിൽ പ്രതിഫലിച്ചിരുന്നത്.
ബ്രാഹ്മണമേധാവിത്വത്തിലധിഷ്ഠിതമായ ഒരു സമുദായക്രമത്തിലാണ് നാരായണഗുരു തന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി പ്രത്യക്ഷപ്പെടുന്നത്. ബ്രാഹ്മണർക്കല്ലാതെ മറ്റാർക്കും പ്രതിഷ്ഠാകർമ്മം നിർവഹിക്കാൻ അവകാശമില്ലെന്ന വിശ്വാസം ദൈവകല്പിതമെന്ന നിലയ്ക്ക് നിലനിന്നുപോന്ന അക്കാലത്ത് ഒരു ചെറിയ പാറക്കഷണമെടുത്ത് ശിവലിംഗമാക്കി പ്രതിഷ്ഠിച്ചതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വിപ്ളവബോധം എത്രമാത്രം അഗാധമാണെന്ന് വിവരിക്കുക സാദ്ധ്യമല്ല. അരുവിപ്പുറം പ്രതിഷ്ഠ ഇൗ പരമ്പരയിലെ ഒരു സജീവ മുഹൂർത്തമായി.
ചരിത്രത്തോടും ഗുരുവിന്റെ ജീവിതത്തോടും നീതിപുലർത്തുന്ന സംഭാഷണവും ആവിഷ്കാരവുംകൊണ്ട് ജനപ്രിയമായി മാറിയിരിക്കുന്ന 'മഹാഗുരു' പുതിയ തലമുറയ്ക്ക് ഒരു വഴികാട്ടിയായിരിക്കും.