അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിച്ച കൂരിരുട്ടിൽ നിന്ന് മാനവികതയുടെ ദിവ്യപ്രകാശത്തിലേക്ക് കാലത്തെയും മനുഷ്യനെയും കൈപിടിച്ചു നടത്തിയ മഹാഗുരുവെന്ന നിലയിൽ ശ്രീനാരായണഗുരു ചരിത്രത്തിൽ ഒരു ദിവ്യപുരുഷനായി ഉയർന്നുനിൽക്കുന്നു.
ശ്രീനാരായണഗുരുവിനെക്കുറിച്ച് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു" മെഗാ പരമ്പര കാണുമ്പോൾ ഗുരുവിനോടൊപ്പം ജീവിക്കുന്നതുപോലെ തോന്നും.
സാമൂഹികമായ അസമത്വമാണ് ഏറ്റവും വലിയ ദൈവനിന്ദയെന്ന് സമൂഹത്തെ പഠിപ്പിച്ച ഗുരു അറിവാണ് യഥാർത്ഥദൈവമെന്നും ഒാർമ്മിപ്പിച്ചു. വരാനിരിക്കുന്ന കാലങ്ങളുടെ ഗുരുവെന്ന നിലയ്ക്കാണ് ലോകം ഇപ്പോൾ ശ്രീനാരായണ ഗുരുവിനെ കാണുന്നത്.
മനുഷ്യനാണ് പ്രപഞ്ചത്തിന്റെ നാരായവേരെന്നും മാനവികതയാണ് ഏറ്റവും മഹത്തായ ജീവിതദർശനമെന്നും ഗുരു ലോകത്തെ പഠിപ്പിച്ചു. ഇതുപോലെ വേറൊരാളെക്കുറിച്ച് ചരിത്രത്തിന് ഒാർക്കാനില്ല. ആ മഹാത്മാവിന്റെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ചരിത്രം അതിമനോഹരമായി ആവിഷ്കരിക്കുന്ന ഒരു കലാസൃഷ്ടിയാണ് മഹാഗുരു. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിന്റെ ആന്തരിക മഹത്വവും ലാവണ്യവും ഇതിൽ നിറഞ്ഞുനിൽക്കുന്നു.
ഗാന്ധിജിയും ടാഗോറും കുമാരനാശാനും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമൊക്കെ നമ്മുടെ ചരിത്രസ്മൃതികളിൽ വന്നുനിറയുന്നു. അത് കാണാൻ നാം കാത്തിരിക്കുന്നു.
ഗുരുവിനോടൊപ്പം ജീവിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ ചാരുതയുള്ള രചനയും സാക്ഷാത്‌ക്കാരവും കൊണ്ട് മഹാഗുരു ഒരു ചരിത്രസംഭവമായി തീരുന്നു. ഇൗ പരമ്പരയുടെ സൃഷ്ടാക്കളെ എങ്ങനെ അഭിനന്ദിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ.
കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു" നമ്മുടെ ദൃശ്യസംസ്കാരത്തെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.