kinar

പാറശാല: വേനൽ കടുക്കും മുമ്പേ കോളനി നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. കൊറ്റാമം വഴുത്തോട്ടുകോണം എ.കെ.ജി കോളനി നിവാസികൾ വെള്ളത്തിനായി ഇപ്പോഴെ നെട്ടോട്ടമോടുകയാണ്. കൊല്ലയിൽ പഞ്ചായത്തിന്റെ കീഴിലുള്ള ഈ പ്രദേശത്തിന് ഉയരം കൂടുതലായതുകൊണ്ടാണ് ജല ക്ഷാമം പെട്ടന്ന് പിടിപെടുന്നതെന്നാണ് ആധികൃതരുടെ പക്ഷം. എന്നാൽ 1998 മുതൽ നാലോളം പഞ്ചായത്ത് കിണറുകൾ അശാസ്ത്രിയമായി നിർമ്മിച്ച് ഫണ്ട് ചെലവാക്കിയതല്ലാതെ നാട്ടുകാർക്ക് പ്രയോജനപ്പെട്ടില്ലെന്നുമാത്രം. നിലവിലെ നാല് പഞ്ചായത്ത് കിണറുകളും ഉപയോഗ ശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷം പലതുകഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ കൈവരികൾ കാരണം ഇവിടുത്തെ പ്രദേശവാസികൾക്ക് ഭീഷണിയാകുകയാണ് ഈ കിണറുകൾ. ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ പലപ്പോഴും കോളനി വാസികൾ സ്വന്തം നിലയിൽ പിരിവുനടത്തി കിണർ വൃത്തിയാക്കുമെങ്കിലും വരൾച്ച സമയത്ത് കൊളനിവാസികൾക്ക് ആവശ്യമായ വെള്ളം കിട്ടാതായതോടെ നാട്ടുകാർ ആ ശ്രമവും ഉപേക്ഷിച്ചു.

ഈ കിണറുകളുടെ കൈവരിക്ക് ഒരു അടിപേലും പൊക്കമില്ലാത്തതിനാൽ നാട്ടുകാർ ഇവിടെ കഴിയുന്നത് ഭയന്നാണ്. ഇരുട്ടിൽ കിണറിന്റെ വശത്തൂടെയുള്ള നടത്തം വളരെ സൂക്ഷിച്ചാണ്. മാത്രമല്ല കുട്ടികളെ പുറത്തിറക്കാനും രക്ഷിതാക്കൾക്ക് ഭയമാണ്. ഈ കിണറുകളുടെ മുകൾ വശം നാട്ടുകാർ മൂടിയിട്ടിരിക്കുകയാണ്. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം ഏഴ് വർഷങ്ങൾക്ക് മുൻപ് ചെറിയ ഭൂഗർഭ കിണറുകൾ നിർമ്മിച്ചെങ്കിലും അവ രണ്ട് വർഷം പോലും പ്രവർത്തിച്ചില്ല.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്ത് ഇടപെട്ട് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം രണ്ട് ടാപ്പുകൾ സ്ഥാപിച്ച് ആഴ്ചയിൽ രണ്ട് ദിവസം കുടിവെള്ളമെത്തിക്കുന്നുണ്ട്. എന്നാൽ കോളനിയിലെ മിക്ക കുടുംബത്തിലേയും എല്ലാ അംഗങ്ങളും ജോലിക്കുപോകുന്നതിനാൽ പലർക്കും വെള്ളം കിട്ടാറില്ല. ഇതിൽ പല വീടുകളിലും രോഗബാധിതരടക്കമുണ്ട്. ഇവർക്കാകട്ടെ ടാപ്പിനടുത്തേക്ക് എത്താൻ പോലും കഴിയാറില്ല.

ഇതിനിടയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കിണറിന്റെ മുകൾഭാഗം മാത്രം നവീകരിച്ച് ഫണ്ട് ചെലവഴിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. നൂറ് കണക്കിനു കുടുംബക്കാർ താമസിക്കുന്ന ഇവിടത്തെ ജലക്ഷാമത്തിനും വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിനുമായി ആക്ഷൻ കൗൺസിൽ രൂപികരിച്ച് പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് നാട്ടുക്കാർ