തിരുവനന്തപുരം: ഭക്തി ആത്മസമർപ്പണമാകുന്ന ധന്യതയിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ബുധനാഴ്ച ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. ഇന്നലെ മുതൽ പൊങ്കാലയ്ക്കായി ദൂരദേശങ്ങളിൽനിന്നുള്ളവർ എത്തിത്തുടങ്ങി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ പറഞ്ഞു.
ബുധനാഴ്ച രാവിലെ 10.15 ന് പൊങ്കാല അടുപ്പുകളിൽ തീപകരും. ഉച്ചയ്ക്ക് 2.15ന് നിവേദിക്കും. പൊങ്കാല ദിവസം വൈകിട്ട് പുറത്തെഴുന്നള്ളത്തിന് ദേവിയുടെ തിടമ്പേറ്റാൻ ചെർപ്പുളശേരി അനന്തപദ്മനാഭനെത്തും. അകമ്പടിസേവിക്കുന്ന 815 കുത്തിയോട്ട ബാലന്മാർക്കും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള സൗകര്യം മണക്കാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്. പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഗ്രീൻപ്രോട്ടോക്കോൾ കർശനമായും പാലിക്കാൻ ഭക്തർ സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ട്രസ്റ്ര് ചെയർമാൻ കെ. ശശിധരൻ നായർ, പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എം.എ. അജിത് കുമാർ, ട്രഷറർ വി. അയ്യപ്പൻനായർ, പബ്ലിസിറ്റി കൺവീനർ വി .ശോഭ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അമേരിക്കയിലും ബ്രിട്ടനിലും പൊങ്കാല
അമേരിക്കയിലും ബ്രിട്ടനിലും മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കുറി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. ഈ രാജ്യങ്ങളിലെ സംഘാടകർ ക്ഷേത്ര ട്രസ്റ്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ മംഗള പത്രം അവർക്ക് കൈമാറും. കൂടാതെ മുൻവർഷങ്ങളിലെ പോലെ തമിഴ്നാട്, കർണാടക, ആന്ധ്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പൊങ്കാല നടക്കുമെന്നും അധികൃതർ അറിയിച്ചു.