തിരുവനന്തപുരം : കാശ്മീരിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിൽക്കുന്ന ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വിശദീകരണം. ചിത്രം സെൽഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്തതാണെന്നും കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
തന്റെ പിതാവും സൈനികനായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു ചെറുപ്പം മുതലേ തനിക്ക് മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പെടെയുള്ളവർ ചെയ്യേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.