atl17fb

ആറ്റിങ്ങൽ: അപകട മേഖലയായി വേങ്ങാട് ജംഗ്ഷൻ. വേങ്ങോട് – പതിനാറാം മൈൽ റോഡ്,​ വേങ്ങോട് വെള്ളാണിയ്ക്കൽ റോഡ‌്,​ വേങ്ങോട് – വാവറ അമ്പലം റോഡ് എന്നിവ സന്ധിക്കുന്ന ജംഗ്ഷനാണ് ഇത്. തന്മൂലം, തിരക്കും അധികമാണ്. മൂന്ന് റോഡുകളിലും സൂചനാ ബോർഡോ ഹമ്പോ സ്ഥാപിക്കാത്തത് മൂലമാണ് അപകടം വർദ്ധിക്കുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. മൂന്നു റോഡുകളിൽ നിന്നും അമിത വേഗതയിൽ ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾ വെട്ടിത്തിരിച്ച് മറ്റ് റോഡുകളിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതാണ് അപകടമുണ്ടാകാനുളള പ്രധാന കാരണം.മുൻപ് മൂന്നു റോഡുകളിലും ഹമ്പ് ഉണ്ടായിരുന്നു. എന്നാൽ റോഡ് റി ടാർ ചെയ്ത് വീതികൂട്ടിയപ്പോൾ വേഗത നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും അധികൃതർ ഏർപ്പെടുത്തിയില്ല. ജംഗ്ഷന് സമീപത്തായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,​ പൊതു മന്ദിരം,​ മുസ്ലീം പള്ളി,​ ഓട്ടോ - ടാക്സി,​ - ടെമ്പോ സ്റ്റാൻഡുകൾ,​ തോന്നയ്ക്കൽ ഗവ. സ്കൂൾ തുടങ്ങിയവ പ്രവർത്തിക്കുന്നത്. അവിടങ്ങളിലേക്കെത്താൻ ആയിരക്കണക്കിനാൾക്കാരാണ് ദിനംപ്രതി ജംഗ്ഷനിലൂടെ സഞ്ചരിക്കുന്നത്.ഒാടയുടെ അഭാവമാണ് മറ്റൊരു ദുരിതം. അശാസ്ത്രീയമായ റോ‌ഡ് നിർമ്മാണം മൂലം ചെറിയ മഴ പെയ്താൽപ്പോലും വെള്ളക്കെട്ട് രൂപപ്പടുന്ന ജംഗ്ഷനിൽ ഇതുവരെ ഒാട നിർമ്മിച്ചിട്ടില്ല. മഴക്കാലമായാൽ കാൽനടക്കാർക്ക് പോലും ഇതുവഴി പോകാനാവില്ല. വെളളക്കെട്ട് മാറി റോഡ് പഴയ സ്ഥിതിയിലാകാൻ ദിവസങ്ങളെടുക്കും. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അധികൃതർ യാതൊരു വിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.