തിരുവനന്തപുരം:ശബരിമല മാസ്റ്റർ പ്ളാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈപവർ കമ്മിറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി തയ്യാറാക്കിയ രൂപരേഖയെക്കുറിച്ച് ഇന്നലെ ചർച്ച നടത്തി.
പമ്പാ തീരത്തെ മണൽക്കൂന മാറ്റി, നദിയുടെ ആഴം കൂട്ടി തീരപ്രദേശം നവീകരിക്കാൻ നടപടി വേണമെന്ന് യോഗത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രതിനിധികൾ നിർദ്ദേശിച്ചു.കെട്ടിക്കിടക്കുന്ന മണൽ ബോർഡിന്റെ നിർമ്മാണങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നും മസ്കറ്റ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ബോർഡ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഓരോ നിർമ്മാണത്തിനും എത്ര മണൽ വേണമെന്ന് റിപ്പോർട്ട് നൽകാൻ വനംവകുപ്പും നിർദ്ദേശിച്ചു.
ഈ മാസം 19 ന് ഹൈപവർ കമ്മിറ്രിയുടെയും ബോർഡിന്റെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്.
ശബരിമല വികസനത്തിനായി സർക്കാർ ബഡ്‌ജറ്റിൽ അനുവദിച്ചിട്ടുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്നും യോഗം ചർച്ചചെയ്തു. 50 വർഷം മുന്നോട്ടു കണ്ടുള്ള വികസനമാണ് ലക്ഷ്യം. അതേസമയം, പരിസ്ഥിതിക്ക് ചേരാത്ത നിർമ്മാണങ്ങൾ പാടില്ലെന്നും ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റി നിഷ്കർഷിക്കുന്നുണ്ട്.
ചെന്നൈയിലെ 'പിത്താവാഡിയൻ' എന്ന ഏജൻസിയാണ് രൂപരേഖ തയ്യാറാക്കിയത്.
ശബരിമലയിൽ നിർമ്മാണങ്ങൾക്ക് വനംവകുപ്പിന്റെ അനുമതിയും വേണം. ദേവസ്വംബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച് വനംവകുപ്പുമായി തർക്കങ്ങളുണ്ട്. തർക്കം പരിഹരിക്കാൻ വകുപ്പു മേധാവികളുമായി ചർച്ച നടത്തിയിരുന്നു. വനം വകുപ്പ് സ്ഥലം നൽകിയാലേ മാസ്റ്റർ പ്ളാനിലെ വികസനം സാദ്ധ്യമാവൂ. അതിന് കേന്ദ്രവനം വകുപ്പിന്റെ അനുമതിയും വേണം.സ്ഥലത്തിന്റെ തർക്കം പരിഹരിക്കാൻ ജോയിന്റ് സർവ്വേ കമ്മിറ്റിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ തീരുമാനവും വരണം. അടുത്ത യോഗത്തിൽ കൂടുതൽ ചർച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളും.
ഹൈപവർ കമ്മിറ്റി അദ്ധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു, വനംവകുപ്പ്, ജലവിഭവ വകുപ്പ്, വാട്ടർ അതോറിറ്റി, പൊലീസ് മേധാവി, റവന്യൂവകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.