വർക്കല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും ഒന്നിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലരവർഷത്തിനിടയിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ 74 ശതമാനം വർദ്ധനയുണ്ടായി. പ്രധാനമന്ത്റി കോർപ്പറേറ്റുകളുടെ ഏജന്റായി മാറി. ഏറ്റവും വലിയ ജനവഞ്ചകനായിരിക്കുകയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം. ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എ. നജീബ്, കേന്ദ്ര കോൺഫെഡ
റേഷൻ ജില്ലാ സെക്രട്ടറി എസ്. അശോക് കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. സുശീല, യു.എം. നഹാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ സ്വാഗതവും ട്രഷറർ കെ.എം. സക്കീർ നന്ദിയും പറഞ്ഞു.
നവലിബറൽ നയങ്ങളെ പ്രതിരോധിക്കുന്നതിൽ നവോത്ഥാനമൂല്യങ്ങളുടെ അനിവാര്യത എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. കെ.എ. ബിജുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുനിൽകുമാർ സ്വാഗതവും ജി. ശ്രീകുമാർ നന്ദിയും പറഞ്ഞു. എസ്. നാദബിന്ദു കൺവീനറായും വി. പത്മം, എസ്. അനിത എന്നിവർ ജോയിന്റ് കൺവീനർമാരായും 25 അംഗ ജില്ലാവനിതാ സബ്ബ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.