തിരുവനന്തപുരം: ആരോഗ്യ ടൂറിസം രംഗത്തിന് സർക്കാർ കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോടനുബന്ധിച്ച് കനകക്കുന്ന് പാലസ് ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ ടൂറിസം രംഗത്തെ ചൂഷണങ്ങൾ തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണമെന്ന് സെമിനാറിൽ ആവശ്യമുയർന്നു. ആയുഷ് അധിഷ്ഠിത ഹെൽത്ത് ടൂറിസം വികസനം ലക്ഷ്യമാക്കി സംസ്ഥാനത്ത് ആയുർവേദ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു സോമതീരം അഭിപ്രായപ്പെട്ടു. എൻ.എച്ച്.എസ്.ആർ.സി ഉപദേഷ്ടാവ് ഡോ. ജെ.എ.എൻ ശ്രീവാത്സവ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്ര കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഒഫ് ഇന്ത്യ അസോസിയേറ്റ് പ്രൊഫസർ ഡോ. ഭാവന ഗുലാത്തി, കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത്, ചങ്ങനാശേരി ഹോമിയോപ്പതി സ്‌ഷ്യൊലിറ്റി ക്ലിനിക്ക് എംഡി ഡോ. എസ്.ജി ബിജു തുടങ്ങിയവർ പങ്കെടുത്തു.