നെടുമങ്ങാട്: സ്ഥലമെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മൂന്നാനക്കുഴി - തേക്കട-പനവൂർ റോഡ് നവീകരണം ഇഴയുന്നതായി പരാതി. രണ്ടു ഘട്ടങ്ങളിലായി രണ്ടരക്കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതിക്കാണ് സ്ഥലമെടുപ്പ് വിനയായത്. തീരെ ഇടുങ്ങിയ റോഡിൽ അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. എതിരെ വരുന്ന വാഹനത്തെ കടത്തി വിടണമെങ്കിൽ ഏറെ നേരത്തെ പരിശ്രമം വേണം. അര കിലോ മീറ്ററെങ്കിലും പിന്നോട്ട് എടുത്താലേ വലിയ വാഹനങ്ങളെ കടത്തിവിടാൻ കഴിയു. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കും പറ്റാറുണ്ട്. പനവൂർ ഗവണ്മെന്റ് എൽ.പി.എസും മാനേജ്‌മെന്റ് യു.പി.എസും അംഗൻവാടിയും ഈ റോഡിന് വശത്താണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാനും രക്ഷിതാക്കൾ മടിക്കുകയാണ്. മൂന്ന് ക്ഷേത്രങ്ങളും മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങളും സമീപത്തുണ്ട്. ഭക്തജനങ്ങളും ദുരിതത്തിലാണ്. കിഴക്കേക്കോട്ട, നെടുമങ്ങാട്, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്ന് സിറ്റി സർവീസ് അടക്കം മൂന്ന് ബസുകൾ ഇതിലേ ഓടുന്നുണ്ട്. റോഡ് തകർച്ച കാരണം സർവീസ് മുടക്കം പതിവായിരിക്കുകയാണ്. എട്ട് മീറ്റർ വീതിയിൽ ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നതാണ് ഇഴഞ്ഞു നീങ്ങുന്ന പദ്ധതി. ഓടയും സൈഡ്‌വാളും നിർമ്മിക്കാനും കരാറിൽ നിർദ്ദേശമുണ്ട്. കരാർ നൽകി സ്ഥലമെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ തടസവാദമുന്നയിച്ചവരെ ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ, ചുമടുതാങ്ങി ഭാഗത്ത് അഞ്ഞൂറ് മീറ്ററോളം സൈഡ്‌വാളും ടാറിംഗും നടത്തി കരാറുകാരൻ മറ്റു വർക്കുകൾക്ക് പിന്നാലെയാണെന്നാണ് പരാതി.