attukal-photos

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് നൈവേദ്യം അർപ്പിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ നഗരത്തിലേക്ക് എത്തിത്തുടങ്ങി. ക്ഷേത്ര പരിസരത്തും നഗരവീഥികളിലും ഭക്തർ നിറഞ്ഞു. ഉത്സവം ആരംഭിച്ചതിന് ശേഷമുള്ള വൻ ഭക്തജന പ്രവാഹത്തിനാണ് ഇന്നലെ ആറ്റുകാൽ സാക്ഷ്യം വഹിച്ചത്. മൂന്നു മണിക്കൂറോളം കാത്തു നിന്നാണ് ഭക്തർ അമ്മയെ കണ്ടുവണങ്ങിയത്. രാവിലെ നിർമ്മാല്യ ദർശനത്തിനും വൈകിട്ട് നടതുറന്നപ്പോഴും ആയിരങ്ങളുടെ ദേവീസ്‌തുതികളാൽ ക്ഷേത്രം ഭക്തി സാന്ദ്രമായി. പൊങ്കാല അർപ്പിക്കുന്നതിന് മുമ്പ് അമ്മയുടെ അനുവാദം വാങ്ങണമെന്ന വിശ്വാസത്തിൽ സ്ത്രീകൾ അണമുറിയാതെ ദേവീ സന്നിധിയിലേക്ക് പ്രവഹിക്കുകയാണ്. രാവിലെ പാർക്കിംഗ് ഏരിയ കടന്ന് ബണ്ട് റോ‌ഡ് വരെ ക്യൂ നീണ്ടു. അധികാരത്തിന്റെ ലഹരിയിലായിരുന്ന പാണ്ഡ്യരാജാവ് കോവലനെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി വധിക്കുന്നതായിരുന്നു ഇന്നലത്തെ തോറ്റംപാട്ട്. ഇതിന്റെ ദുഃഖസൂചകമായാണ് ക്ഷേത്രനട ഇന്ന് വൈകി തുറക്കുന്നത്. രാവിലെ ഏഴിനാണ് ഇന്ന് നട തുറക്കുക. കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നു വരംവാങ്ങി കോവലന് വീണ്ടും ജീവൻ നൽകുന്നതാണ് ഇന്നത്തെ തോറ്റംപാട്ട്. എവിടെ പൊങ്കാല അർപ്പിച്ചാലും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകുമെങ്കിലും അമ്മ വാഴുന്ന കിള്ളിയാറ്റിൻ കരയിൽ പൊങ്കാല അർപ്പിക്കാൻ ദൂരസ്ഥലങ്ങളിലുള്ളവർ ക്ഷേത്ര പരിസരത്ത് ഇന്നലെ എത്തിത്തുടങ്ങി.

കാലടി ജംഗ്ഷൻ വരെ വൈകിട്ട് പാർക്കിംഗ് നീണ്ടു. ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളുടെയും ഓരങ്ങളിൽ പൊങ്കാലക്കലങ്ങളുമായി കച്ചവടക്കാർ നിരന്നു. അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് പൊങ്കാല സാമഗ്രികൾ വാങ്ങാനായി നഗരത്തിലേക്ക് ആളുകൾ കൂട്ടമായി എത്തിയതോടെ തിരക്ക് വർദ്ധിച്ചു. റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും അവസാനവട്ട തയ്യാറെടുപ്പിലാണ്.