കൽപ്പറ്റ:പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി. വി. വസന്തകുമാറിന്റെ കുടുംബം അനാഥമാവില്ലെന്ന് പട്ടികജാതി - പട്ടികവർഗ വികസന മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
വസന്തകുമാറിന്റെ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കും. രാജ്യത്തെ ഞെട്ടിച്ച അതിദാരുണ സംഭവത്തിലെ രക്തസാക്ഷിയാണ് വസന്തകുമാർ. അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വസന്തകുമാറിന്റെ ഭാര്യ ചില സുപ്രധാന ആവശ്യങ്ങൾ സർക്കാരിനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. വെറ്ററിനറി സർവകലാശാലയിലെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്തണമെന്നതാണ് ഇതിലൊന്ന്. മക്കൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കാൻ വേണ്ടതു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ കാണാൻ മന്ത്രി എത്തിയത്. വസന്തകുമാറിന്റെ ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി, വാഴക്കണ്ടി തറവാട്ടിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ പതവി (80)ക്കും അന്ത്യാഞ്ജലിയർപ്പിച്ചു. 20 മിനിറ്റോളം സ്ഥലത്ത് ചെലവഴിച്ച മന്ത്രി പിന്നീട് കണ്ണൂരിലേക്ക് തിരിച്ചു.