മലയിൻകീഴ്: മാറനല്ലൂർ പൊലീസ് സ്റ്റേഷന്റെ സ്വന്തം കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്‌തു. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്റെ ഉദ്‌ഘാടന വേദിയിൽ സംസ്ഥാനത്തെ ആറു പൊലീസ് സ്റ്റേഷനുകളുടെ ഉദ്‌ഘാടനവും നടന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിനു ശേഷം പുതിയ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ കൂടിയ പൊതുസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, നെടുമങ്ങാട് ഡി.വൈ.എസ്.പി.ഡി. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ആർ. ബിജുദാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു. ഒരു കോടി 30 ലക്ഷം രൂപ ചെലവിട്ട് കേരളാ പൊലീസ് കൺസ്ട്രക്ഷൻ സഹകരണ സംഘമാണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. മാറനല്ലൂർ പഞ്ചായത്ത് നൽകിയ 25 സെന്റിലാണ് തനത് ഗ്രാമീണ ശൈലിയിൽ ബഹുനില മന്ദിരം പണിതിരിക്കുന്നത്. യൂ.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നു തറക്കല്ലിട്ടത്. കെട്ടിടനിർമാണത്തിന് ഒന്നര വർഷം വേണ്ടിവന്നു.