വർക്കല: സൈന്യത്തിന്റെ ജീവൻപോലും സുരക്ഷിതമല്ലാത്ത അവസ്ഥ രാജ്യത്ത് സംജാതമായിരിക്കുകയാണെന്നും ഈ സന്ദർഭത്തിൽ ഇന്ത്യയെ രക്ഷിക്കണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് കേരള സംരക്ഷണയാത്രയുടെ തെക്കൻമേഖലാ ജാഥയ്ക്ക് വർക്കലയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാകണം. അതിന് കേരളത്തിൽ നിന്ന് ഇടതുപക്ഷ എം.പിമാർ വിജയിക്കണം. 2004ൽ ലോകസഭ തിരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റും ഇടതുപക്ഷത്തിനാണ് ലഭിച്ചത്. വരുന്ന തിരഞ്ഞെടുപ്പിലും 2004 ആവർത്തിക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും കോടിയേരി പറഞ്ഞു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ. സമ്പത്ത് എം.പി, അഡ്വ.കെ. പ്രകാശ്ബാബു, അഡ്വ. സതീദേവി, അഡ്വ. ബിജിലി ജോസഫ്, പി.കെ. രാജൻമാസ്റ്റർ, യു. ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, ഡോ. വർഗീസ് ജോർജ്ജ്, കാസിം ഇരിക്കൂർ, അഡ്വ. ആന്റണി രാജു, നെജീബ് പാലക്കണ്ടി, അഡ്വ. എസ്. ഷാജഹാൻ, എസ്. രാജീവ്, വി. ശിവൻകുട്ടി, ആനാവൂർ നാഗപ്പൻ, ബി.പി. മുരളി, അഡ്വ. ബി. രവികുമാർ, ബിന്ദു ഹരിദാസ്, ഇ.എം. റഷീദ്, അഡ്വ. പി.സി. സുരേഷ്, എസ്. സജീർ, അഡ്വ. സുനിൽ തുടങ്ങിയവർ സംസാരിച്ചു. മഹാസമാധി മന്ദിരം ആലേഖനം ചെയ്‌ത ചിത്രം ഉപഹാരമായി വി. ജോയി എം.എൽ.എ കോടിയേരി ബാലകൃഷ്ണന് നൽകി.