തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ പൂർത്തിയാക്കാനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ദക്ഷിണറെയിൽവേ ജനറൽ മനേജർ ആർ.കെ.കുൽക്ഷേത്ര നിർദ്ദേശിച്ചു. നേമം കോച്ചിംഗ് ടെർമിനലിന്റെ നിർമ്മാണപുരോഗതി അവലോകനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഒന്നാം ഘട്ടനിർമ്മാണമാണ് ആരംഭിച്ചത്. രണ്ട് പ്ളാറ്റ് ഫോമുകളും അഞ്ച് സ്റ്റേബ്ളിംഗ് ലൈനുകളും ഒരു ഷണ്ടിംഗ് കേന്ദ്രവുമാണ് ഇപ്പോൾ നിർമ്മിക്കുന്നത്. 92കോടിയാണ് ചെലവ്. 73കോടി അനുവദിച്ചു. ഇതിനായി മുപ്പത് ഏക്കർ സ്ഥലവും കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ മൂന്ന് സ്റ്റേബ്ളിംഗ് ലൈനുകൾ, നാല് പിറ്റ് ലൈനുകൾ, ഒരു സിക്ക് ലൈൻ, ഒരു പവർ കാർ ഷെഡ്ഡ് എന്നിവയാണ് നിർമ്മിക്കുക. 226കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാനസർക്കാരുമായി ചേർന്ന് ഉടൻ പൂർത്തിയാക്കാനാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പദ്ധതികളും അദ്ദേഹം വിലയിരുത്തി.