മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബാഴ്സലോണ വിജയം കണ്ടപ്പോൾ റയൽ മാഡ്രിഡിന് അടി തെറ്റി. ബാഴ്സ എതിരില്ലാത്ത ഒരു ഗോളിന് വല്ലലോയ്ഡിനെ തോൽപ്പിച്ചപ്പോൾ റയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗിറോണയോട് തോൽക്കുകയായിരുന്നു.
ആദ്യപകുതിയിൽ കിട്ടിയ പെനാൽറ്റി ഗോളാക്കിയ മെസിയാണ് വല്ലലോയ്ഡിനെതിരെ ബാഴ്സയ്ക്ക് വിജയം നൽകിയത്. 43-ാം മിനിട്ടിലായിരുന്നു ഇൗ പെനാൽറ്റി ഗോൾ..
അതേ മെസി തന്നെ 85-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളിയുടെ കൈയിലേക്കടിച്ചുകളയുകയും ചെയ്തു. വല്ലലോയ്ഡ് ഗോളി തട്ടിത്തെറുപ്പിച്ച പെനാൽറ്റി ഷോട്ടിൽ റീബൗണ്ട് ഹെഡ്ഡറും മെസി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ആദ്യപകുതിയിൽ ലീഡ് ചെയ്തിരുന്ന റയലിനെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗൗളുകളാണ് ഗിറോണ അട്ടിമറിച്ചത്. 25-ാം മിനിട്ടിൽ കാസിമെറോയാണ് റയലിന്റെ ഗോൾ നേടിയത്. 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്റ്റുവാനിയും 75-ാം മിനിട്ടിൽ പോർട്ടുവും ഗിറോണയെ വിജയത്തിലെത്തിച്ചു.
ഇൗ തോൽവിയോടെ റയൽ മാഡ്രിഡ് ലാലിഗ പോയിന്റ് നിലയിൽ വീണ്ടും മൂന്നാമതായി. 24 മത്സരങ്ങളിൽനിന്ന് 54 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്. കഴിഞ്ഞദിവസം റയോവയ്യക്കാനോയെ 1- 0ത്തിന് തോൽപ്പിച്ചിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് 47 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. റയലിന് 45 പോയിന്റാണുള്ളത്.
ലാലിഗ ടോപ് 5
(ടീം, കളി, പോയിന്റ്)
ബാഴ്സലോണ 24-54
അത്‌ലറ്റിക്കോ 24-47
റയൽമാഡ്രിഡ് 24-45
സെവിയ്യ 23-37
ഗെറ്റാഫെ 24-36
ഇൗസ്റ്റ് ബംഗാളിന് സമനില
കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇൗസ്റ്റ് ബംഗാളും ചർച്ചിൽ ബ്രദേഴ്സും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ചർച്ചിലിനായി 68-ാം മിനിട്ടിൽ വില്ലിസ് വ്ളാസയും ഇൗസ്റ്റ് ബംഗാളിനായി 78-ാം മിനിട്ടിൽ ലാൽറിൻധിക റാൽത്തെയും സ്കോർ ചെയ്തു.
16 കളികളിൽ നിന്ന് 32 പോയിന്റുമായി ഐ ലീഗിൽ രണ്ടാംസ്ഥാനത്താണ് ഇൗസ്റ്റ് ബംഗാൾ. ചർച്ചിൽ 18 കളികളിൽനിന്ന് 31 പോയിന്റുമായി നാലാംസ്ഥാനത്തും 34 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്.