കോവളം: തിരുവല്ലം പ്രദേശത്തെ കോളേജുകളും കോളനികളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ടംഗസംഘത്തെ തിരുവല്ലം പൊലീസ് പിടികൂടി. പൊന്നുമംഗലം തോട്ടുവരമ്പിൽ പനമൂട്ടിൽവീട്ടിൽ സജീവ് എന്ന് വിളിക്കുന്ന ലിനേഷ് (34), പാച്ചല്ലൂർ പനത്തുറ പുതുവൽ പുത്തൻവീട്ടിൽ മനു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു രണ്ട് കിലോ കഞ്ചാവും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടികൂടി. ജില്ലയിലെ കഞ്ചാവ് മാഫിയയ്ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശത്തെത്തുടർന്ന് ഫോർട്ട് എ.സി പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾക്കെതിരെ കോവളം, നേമം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളും നിലവിലുള്ളതായി തിരുവല്ലം എസ്.എച്ച്.ഒ ആർ.ശിവകുമാർ പറഞ്ഞു.