national-school-athletics
national school athletics meet

നദിയാദ് : പെൺകുട്ടികൾക്ക് പിന്നാലെ ആൺകുട്ടികളുടെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിലും കേരളം കിരീടത്തിൽ മുത്തമിട്ടു.

ഇന്നലെ ഗുജറാത്തിലെ നദിയാദിൽ അവസാനിച്ച മീറ്റിൽ അഞ്ചുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 85 പോയിന്റ് നേടിയാണ് കേരളം ഒന്നാമൻമാരായത്. 57 പോയിന്റ് നേടിയ കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 40 പോയിന്റുമായി ഹരിയാന മൂന്നാമതെത്തി.

ആദ്യദിനം ഒരു പോയിന്റിന് ലീഡ് ചെയ്ത കേരളം രണ്ടാം ദിനത്തിൽ ലീഡ് ഏഴ് പോയിന്റായി ഉയർത്തിയിരുന്നു. അവസാന ദിനമായ ഇന്നലെ രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി കർണാടകത്തെ 28 പോയിന്റ് വ്യത്യാസത്തിലാണ് കേരളം രണ്ടാമതാക്കിയത്. സീനിയർ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ ഇതുവരെയും ഒന്നിച്ചായിരുന്നു നടന്നിരുന്നത്. ഇത്തവണയാണ് ഇരുവിഭാഗങ്ങൾക്കും മൂന്നുദിവസം വീതം പ്രത്യേക മീറ്റായി നടത്തിയത്. കഴിഞ്ഞവർഷം സീനിയർ മീറ്റിൽ ഒാവറാൾ ചാമ്പ്യൻമാർ കേരളം തന്നെയായിരുന്നു. ഇത്തവണ വേറിട്ട് നടത്തിയപ്പോഴും കിരീടം വിട്ടുകൊടുക്കാൻ പെൺമണികളും ചുണക്കുട്ടൻമാരും തയ്യാറായില്ല.

അവസാന ദിവസം പ്രതീക്ഷിച്ചതുപോലെ കർണാടകത്തിന്റെ ഭാഗത്തുനിന്ന് വെല്ലുവിളി ഉണ്ടായില്ല. കേരളം മികവ് തുടരുകയും ചെയ്തു. ട്രിമ്പിൾ ജമ്പിലും 400 മീറ്റർ ഹർഡിൽസിലുമായിരുന്നു ഇന്നലത്തെ കേരളത്തിന്റെ സ്വർണ നേട്ടം. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും കേരളത്തിനായിരുന്നു. അഖിൽ കുമാര സി.ഡിയാണ് സ്വർണം നേടിയത്. 15.38 മീറ്ററാണ് അഖിൽ ചാടിയത്. 15.20 മീറ്റർ ചാടിയ എ. അജിത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. കർണാടകത്തിന്റെ നവീൻ വെങ്കലം നേടി.

400 മീറ്റർ ഹർഡിൽസിലും ഒന്നും രണ്ടും സ്ഥാനത്ത് കേരളത്തിന്റെ ഫിനിഷായിരുന്നു. കോഴിക്കോട് സായ്‌യിലെ മുഹമ്മദ് ഷാദാൻ 53.30 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ അനന്തു വിജയൻ 53.42 സെക്കൻഡിൽ വെള്ളി നേടി. തമിഴ്നാടിന്റെ സുരേഷിനാണ് വെങ്കലം.

800 മീറ്ററിൽ ആദർശ് ഗോപി വെള്ളി നേടി. ഡൽഹിയുടെ അനീഷ് ഒരു മിനിട്ട് 56. 39 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ആദർശ് ഒരുമിനിട്ട് 56.58 സെക്കൻഡിലാണ് രണ്ടാമതെത്തിയത്. പഞ്ചാബിന്റെ ഹർജ്യോത് സിംഗിനാണ് വെങ്കലം. മീറ്റിലെ ആദർശിന്റെ രണ്ടാമത്തെ മെഡലായിരുന്നു ഇത്. നേരത്തെ 1500 മീറ്ററിൽ ആദർശ് സ്വർണം നേടിയിരുന്നു.

മീറ്റിലെ അവസാന ഇനമായ 4 x 400 മീറ്റർ റിലേയിൽ കേരളം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. അനന്തുവിജയൻ, നന്ദുമോഹൻ, മുഹമ്മദ് സെയ്ഫ്, ജോയൽ എം. എന്നിവരാണ് കേരളത്തിന് വേണ്ടി ഒാടാനിറങ്ങിയത്. ഇവർ മൂന്ന് മിനിട്ട് 18.70 സെക്കൻഡിൽ ഒാടിയെത്തിയപ്പോൾ 3 മിനിട്ട് 18.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹരിയാന സ്വർണം നേടി. കഴിഞ്ഞദിവസം 4 x 100 മീറ്റർ റിലേയിലും കേരളം വെള്ളി നേടിയിരുന്നു.

പനിക്കിടക്കയിൽനിന്ന് ആദർശ് ഗോപി

പനിക്കിടയിൽനിന്ന് എഴുന്നേറ്റ് വന്നാണ് മാർബേസിൽ സ്കൂളിലെ ആദർശ് ഗോപി ഇന്നലെ മീറ്റിലെ രണ്ടാം മെഡൽ നേടിയത്. കഴിഞ്ഞദിവസം 1500 മീറ്ററിൽ സ്വർണം നേടിയിരുന്ന ആദർശിന് രാത്രിയിൽ കനത്ത പനി ബാധിച്ചിരുന്നു. ഡോക്ടറെ കണ്ടശേഷമാണ് ഇന്നലെ 800 മീറ്ററിൽ മത്സരിക്കാനിറങ്ങി വെള്ളിനേടിയത്.

'ഏറെക്കാലമായി പെൺകുട്ടികളുടെ നിഴലിലായിരുന്ന കേരളത്തിന്റെ അത്‌ലറ്റിക്സിലെ ചുണക്കുട്ടൻമാരുടെ കിരീട ധാരണമാണിത്. ഇത് കൂട്ടായ്മയുടെ വിജയമാണ്. പരിക്കും പനിയുമൊക്കെ മറന്നാണ് ആദർശ് ഗോപിയുൾപ്പെടെയുള്ളവർ മത്സരിക്കാനിറങ്ങിയത്. അവരുടെ പ്രയത്‌നത്തിന് ഫലമുണ്ടായി.

ജോസ് ജോൺ

കേരള ടീം ജനറൽ മാനേജർ

ഇന്ന് മടങ്ങും

ജേതാക്കളായ കേരള ടീം ഇന്ന് ഉച്ചയ്ക്കുള്ള ഒാഖ എക്സ്‌പ്രസിൽ കേരളത്തിലേക്ക് തിരിക്കും. സംസ്ഥാന കായികമന്ത്രി ഇ.പി. ജയരാജന്റെ ഇടപെടലിനെത്തുടർന്ന് ടീമിന്റെ ടിക്കറ്റ് കൺഫോമായിട്ടുണ്ട്.