തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂത്തമകൻ ഡോ.രോഹിത്തിന്റെയും ഭാര്യ ശ്രീജയുടെയും വിവാഹ ശേഷമുള്ള യാത്ര ട്രെയിനിൽ.
അങ്കമാലിയിൽ നടന്ന വിവാഹച്ചടങ്ങിന് ശേഷം ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4.40നുള്ള ജനശതാബ്ദി ട്രെയിനിലെ എ.സി കോച്ചിൽ ചെന്നിത്തലയ്ക്കും കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കുമൊപ്പമായിരുന്നു ഇരുവരുടെയും തിരുവനന്തപുരത്തേക്കുള്ള യാത്ര. രാത്രി 9.15ന് ഇവർ വിവാഹ വേഷത്തിൽ തമ്പാനൂർ റെയിൽവേ സ്റ്രേഷനിൽ ഇറങ്ങുന്നത് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന മറ്ര് യാത്രക്കാർക്ക് കൗതുകമായി. വൈകിട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുവരേയും കാണാൻ ധാരാളംപേർ തടിച്ചു കൂടിയിരുന്നു. യാത്രക്കാർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് വധൂവരന്മാർ ട്രെയിനിൽ കയറിയത്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ആക്ഷേപം ഒഴിവാക്കുന്നതിനും ഗതാഗത കുരുക്കിൽ നിന്ന് രക്ഷനേടുന്നതിനും കൂടിയാണ് യാത്ര ട്രെയിനിൽ ആക്കിയതെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ രാവിലെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം.