തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കേ ക്ഷേത്രവും പരിസരവും ഉത്സവത്തിരക്കിലമർന്നു കഴിഞ്ഞു. ഇന്ന് രാവിലെ ഏഴു മണിക്കാണ് ക്ഷേത്ര നട ദർശനത്തിനായി തുറന്നത്. അധികാരത്തിന്റെ ലഹരിയിലായിരുന്ന പാണ്ഡ്യരാജാവ് കോവലനെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി വധിക്കുന്നതായിരുന്നു ഇന്നലത്തെ തോറ്റംപാട്ട്. ഇതിന്റെ ദുഃഖസൂചകമായാണ് ക്ഷേത്രനട ഇന്ന് വൈകി തുറന്നത്. കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നു വരംവാങ്ങി കോവലന് വീണ്ടും ജീവൻ നൽകുന്നതാണ് ഇന്നത്തെ തോറ്റംപാട്ട്.
ആറ്റുകാൽ അമ്മയ്ക്ക് നൈവേദ്യം അർപ്പിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ നഗരത്തിലേക്ക് എത്തിത്തുടങ്ങി. ഇന്നലെ മൂന്നു മണിക്കൂറോളം കാത്തു നിന്നാണ് ഭക്തർ അമ്മയെ കണ്ടുവണങ്ങിയത്. പൊങ്കാല അർപ്പിക്കുന്നതിന് മുമ്പ് അമ്മയുടെ അനുവാദം വാങ്ങണമെന്ന വിശ്വാസത്തിൽ സ്ത്രീകൾ അണമുറിയാതെ ദേവീ സന്നിധിയിലേക്ക് പ്രവഹിക്കുകയാണ്.
ഇന്നലെ രാവിലെ പാർക്കിംഗ് ഏരിയ കടന്ന് ബണ്ട് റോഡ് വരെ ക്യൂ നീണ്ടു. എവിടെ പൊങ്കാല അർപ്പിച്ചാലും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകുമെങ്കിലും അമ്മ വാഴുന്ന കിള്ളിയാറ്റിൻ കരയിൽ പൊങ്കാല അർപ്പിക്കാൻ ദൂരസ്ഥലങ്ങളിലുള്ളവർ ക്ഷേത്ര പരിസരത്ത് ഇന്നലെ മുതൽ എത്തിത്തുടങ്ങി.