കോട്ടയം: ഫേസ് ബുക്ക് സൗഹൃദക്കെണിയിലകപ്പെട്ട വൈദികനെ ഇടവക ചുമതലകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചു. വടശേരിക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോജി മാത്യുവിനെതിരെയാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കെണിയിലൂടെ പണം തട്ടിയ കേസിൽ തിരുവനന്തപുരം കണിയാപുരം പുന്നവീട്ടിൽ സുരേഷ് (28), പാമ്പാടി മേച്ചേരിക്കാട്ട് വീട്ടിൽ രേണുമോൾ (24) എന്നിവരെ കഴിഞ്ഞ ദിവസം പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാ.ജോജി മാത്യു പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഇന്നലെ വൈദികൻ കുർബാന അർപ്പിക്കാൻ പള്ളിയിലെത്തിയപ്പോൾ ഒരുവിഭാഗം വിശ്വാസികൾ പുറത്തിരുന്ന് പ്രതിഷേധിച്ചു. വൈദികനെ മാറ്റുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഇവർ പറഞ്ഞു.
വൈദികനെ നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഭദ്രാസന മെത്രാപ്പൊലീത്തയ്ക്ക് പരാതി നൽകി. വിശ്വാസി സമൂഹത്തിന് അവമതിയുണ്ടാക്കിയ വൈദികന് മുമ്പിൽ കുമ്പസാരിക്കാനും കുർബാന സ്വീകരിക്കാനും കഴിയില്ലെന്ന് വിശ്വാസികളുടെ പരാതിയിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ താൻ തെറ്റുകാരനല്ലെന്നും കേസിൽ വാദിയാണെന്നും ഫാ.ജോജി മാത്യു പറഞ്ഞു. തന്റെ മകനുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെ കുടുക്കുന്നതിന് പൊലീസ് അറിഞ്ഞുകൊണ്ട് നടത്തിയ നീക്കമാണിത്. തന്റെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന വീഡിയോയാക്കി പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അവർ ആവശ്യപ്പെട്ട പ്രകാരം 6000രൂപ നൽകി തെളിവുണ്ടാക്കിയ ശേഷമാണ് പൊലീസിനെ സമീപിച്ചത്. തന്റെ ഭാര്യയ്ക്കും ഇതറിയാം. അക്കാര്യങ്ങൾ ഇടവക മെത്രാപ്പൊലീത്തയെ ബോധിപ്പിച്ചിട്ടുണ്ട്. കാര്യം മനസിലാക്കാതെയാണ് തനിക്കെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ പരാതിയിൽ മെത്രാപ്പൊലീത്ത നടപടി സ്വീകരിക്കുമെന്ന് നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം.ചാണ്ടി പറഞ്ഞു.